
തിരുവനന്തപുരം: ശബരി റെയ്ൽപാതയ്ക്കായി ഭരണപ്രതിപക്ഷ ഭേദമെന്യേ കേരളത്തിലെ ജനപ്രതിനിധികൾ ഒന്നിച്ച് ശബ്ദമുയർത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എൽദോസ് കുന്നപ്പള്ളിയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. 1997ൽ കേന്ദ്രബജറ്റിൽ നിർദേശിക്കപ്പെട്ട പദ്ധതിയാണ്. ഈ പാത വന്നാൽ തീർഥാടകർക്കു മാത്രമല്ല ഗുണം. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ സാമ്പത്തികവളർച്ചയും വേഗപ്പെടുത്തും. റെയ്ൽവേ ബോര്‍ഡിന്‍റെ ആവശ്യമനുസരിച്ച് അങ്കമാലി-ശബരി പദ്ധതിയുടെ 50 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതിനു തീരുമാനിച്ച് 2021-ല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് ദക്ഷിണ റെയ്ൽവേ റെയ്ൽവേ ബോര്‍ഡിനു സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ദക്ഷിണ റെയ്ൽവേ ആരാഞ്ഞിട്ടുള്ള അധികവിവരങ്ങള്‍ ചേര്‍ത്ത് 3810.69 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് 2023 ജൂൺ 27ന് റെയ്ൽവേയ്ക്കു കൈമാറി. പദ്ധതിക്കു 2023-24ല്‍ 100 കോടി രൂപയും അനുവദിച്ചു. ഇതു സംബന്ധിച്ച് റെയ്ൽവേ മന്ത്രിക്ക് സംസ്ഥാനം കത്തും അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.