തിരുവനന്തപുരം: രാജ്യത്താദ്യമായാണ് ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ പൊലൊരു സമിതിയെ നിയോഗിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അതീവ പ്രധാന്യം നല്‍കി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അടിയന്തര സ്വഭാവത്തില്‍ പരിഗണിക്കേണ്ടതും ഉടന്‍ പരിഹാരം സൃഷ്ടിക്കേണ്ടതുമായ പ്രശ്നങ്ങള്‍ക്ക്ആദ്യ ഘട്ടത്തില്‍ തീര്‍പ്പുണ്ടാക്കി. വിശദമായ പരിശോധനയിലൂടെ നടപ്പിലാക്കേണ്ട ശുപാര്‍ശകള്‍ തുടര്‍ന്ന് പരിഗണിച്ചു.
റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് പൊതു മാര്‍ഗരേഖ കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടോ എന്ന പ്രശ്നം അഭിസംബോധന ചെയ്യാനാണ് അടുത്ത ഘട്ടത്തില്‍ ശ്രമിച്ചത്. സിനിമാ വ്യവസായ മേഖലയില്‍ ഇന്‍റേണല്‍ കംപ്ലൈയിന്‍റ് കമ്മറ്റി രൂപീകരിക്കുക എന്നത് അടിയന്തിര സ്വഭാവത്തോടെ നടപ്പിലാക്കുന്നു എന്നുറപ്പാക്കി. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രധാന ആവശ്യമായിരുന്നു അതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മറ്റൊരു പ്രധാന ശുപാര്‍ശ വനിതകള്‍ സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരുമായി വരുന്ന സിനിമകള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്നതാണ്. നിലവില്‍ 4 സിനിമ സര്‍ക്കാരിന്‍റെ ധനസഹായത്തോടെ വനിതാ സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തിറക്കി. സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെ വനിതകള്‍ നിർമിക്കുന്ന മറ്റ് ചലച്ചിത്രങ്ങള്‍ നിര്‍മാണഘട്ടത്തിലാണ്. മലയാള സിനിമയുടെ ആദ്യ നായികയെ കല്ലെറിഞ്ഞ് ഓടിച്ച ഈ നാട്ടില്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി അവരെ കൊണ്ട് സിനിമ സംവിധാനം ചെയ്യിപ്പിച്ചത് സര്‍ക്കാരിന്‍റെ എടുത്ത് പറയേണ്ട നേട്ടമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കേരള സിനി എപ്ലോയേഴ്സ് ആൻഡ് എപ്ലോയീസ് (റെഗുലേഷന്‍) ആക്റ്റ് ഉണ്ടാക്കണമെന്നും ട്രിബ്യൂണല്‍ രൂപീകരിക്കണം എന്നുമുള്ള കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ച് നടപടിയെടുക്കും. മറ്റൊരു ശുപാര്‍ശ സമഗ്രമായ സിനിമാ നയം നടപ്പിലാക്കുക എന്നതാണ്. സിനിമാ നയത്തിന്‍റെ കരട് തയ്യാറാക്കാൻ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണിന്‍റെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
അഭിനയം വൈദഗ്ധ്യമുളള തൊഴില്‍ മേഖലയായതിനാല്‍ സ്ത്രീപുരുഷ ഭേഭമന്യ തുല്യവേതനം ഏര്‍പ്പെടുത്തുക പോലെയുളള ശുപാര്‍ശകള്‍ നടപ്പിലാക്കാൻ പരിമിതികളുണ്ട്. പ്രൊഫഷണലുകളുടെ വേതനം ഒരാളില്‍ നിന്ന് മറ്റൊരാളുടേത് വ്യത്യസ്തമായിരിക്കും. പ്രൊഫഷണലായ സിനിമാ താരത്തിന്‍റെ ശമ്പളവും തുടക്കക്കാരനായ നടന്‍റെയോ നടിയുടെയോ ശമ്പളവും ഒന്നാവണം എന്ന് ആഗ്രഹിക്കാമെങ്കിലും നടപ്പിലാക്കുന്നതിന് പ്രായോഗിക തടസമുണ്ട്. മാത്രമല്ല നിയന്ത്രണത്തിന്‍റെ പേര് പറഞ്ഞ് ആവിഷ്കാര സ്വാതന്ത്ര്യത്തിനും, തൊഴില്‍നൈപുണിയിലുമെല്ലാം അനാവശ്യ മാര്‍ഗരേഖകള്‍ കൊണ്ടുവരുന്നത് സിനിമയ്ക്കും ഹിതകരമല്ല- മുഖ്യമന്ത്രി വിശദീകരിച്ചു.
സിനിമയിലാവാം, വ്യവസായത്തില്‍ വില്ലന്മാർ വേണ്ട
സിനിമാ തിരക്കഥയുടെ ഭാഗമായി വില്ലന്മാരുണ്ടാകാമെങ്കിലും സിനിമാ വ്യവസായത്തില്‍ വില്ലന്മാരുടെ സാനിധ്യം ഉണ്ടാവാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സിനിമാ മേഖല കുത്തഴിഞ്ഞതാണെന്നോ, അതിലെ സാങ്കേതിക പ്രവര്‍ത്തകരും നടീ നടന്‍മാരും ആകെ അസാന്മാര്‍ഗിക സ്വഭാവം വച്ചുപുലര്‍ത്തുന്നവരാണെന്നോ ഉളള അഭിപ്രായം സര്‍ക്കാരിനില്ല. ഒരു റിപ്പോര്‍ട്ടിന്‍റെ ഭാഗമായി സിനിമയിലെ ചിലര്‍ക്ക് ഉണ്ടായ തിക്താനുഭവങ്ങള്‍ വെച്ച് 94 വര്‍ഷത്തെ പൈതൃകമുളള മലയാള സിനിമ രംഗത്തെ വിലയിരുത്തരുത്.
പ്രമേയത്തിന്‍റെ ശക്തിസ്ഥിരത കൊണ്ട് മനുഷ്യകഥാനുഗായികളായ എത്രയോ നല്ല ചലച്ചിത്രങ്ങള്‍ ജനിച്ച മണ്ണാണിത്. ലോകസിനിമാ ഭൂപടത്തില്‍ മലയാളത്തിന്‍റെ ശക്തിയും സൗന്ദര്യവും എത്രയോ വട്ടം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. നൂതനമായ പരീക്ഷണങ്ങള്‍ കൊണ്ട് വ്യതിരിക്തമായ സിനിമാഭാഷക്ക് വ്യാകരണം ചമച്ച നാടാണ് കേരളം. അത്തരം ഒരു ഭാഷയിലെ ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരിയെറിയുന്ന തരം ആക്ഷേപങ്ങള്‍ ഈ നാടിന്‍റെ സിനിമ പുരോഗതിക്ക് ചേരില്ല.
എന്നാല്‍ അനഭിലഷണീയമായ പ്രവണതകളോട് യാതൊരു സന്ധിയും പാടില്ല. സിനിമയ്ക്കുളളിലെ ചൂഷണം അത് ലൈംഗികമായ ചൂഷണമാണെങ്കിലും സാമ്പത്തികമായതാണെങ്കിലും മാനസികമായ ചൂഷണമാണെങ്കിലും ചൂഷകര്‍ക്ക് ഒപ്പമല്ല, മറിച്ച് ചൂഷണം ചെയ്യപ്പെടുന്നവരോട് ഒപ്പമാണ് സര്‍ക്കാർ- മുഖ്യമന്ത്രി വ്യക്തമാക്കി.