'പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകും'; ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് മറുപടിയുമായി മുഖ്യമന്ത്രി

പിണറായി സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശനം ഉന്നയിച്ചിരുന്നു
pinarayi vijayan replayed geevarghese coorilos
Pinarayi Vijayan And Geevarghese Coorilos

തിരുവനന്തപുരം: യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വജയൻ. പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകുമെന്നും ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നതാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു.

''ഇന്ന് രാവിലെ മാധ്യമങ്ങളിൽ ഒരു പഴയ പുരോഹിതന്‍റെ വാക്കുകൾ കാണാനിടയായി. പ്രളയമാണ് ഈ സർക്കാരിനെ അധികാരത്തിലെത്തിച്ചത്. ഇനിയൊരു പ്രളയമുണ്ടാവുമെന്ന് ധരിക്കേണ്ട എന്നുമായിരുന്നു ആ പുരോഹിതന്‍റെ വാക്കുകൾ. പുരോഹിതന്‍മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. ആരും ഇവിടെ ഒരു പ്രളയമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനെ ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് കേരളം ലോകത്തിന് നല്‍കിയ പാഠം. പ്രളയകാലത്ത് സഹായിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രങ്ങള്‍ തീര്‍ത്തും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. തളർന്നു പോവേണ്ട ഘട്ടത്തിൽ നമ്മുടെ നാടിന്‍റെ ഒരു പ്രത്യേകതയാണ് അതിനെയെല്ലാം അതിജീവിക്കാന്‍ സഹായിച്ചത്. വലിയ ദുരന്തമാണെങ്കിലും തലയില്‍ കൈവച്ച് കരഞ്ഞിരിക്കാനല്ല നാം തയ്യാറായത്. അതിനെ അതിജീവിക്കും എന്ന് കേരളം ഒറ്റക്കെട്ടായിപ്രഖ്യാപിക്കുകയായിരുന്നു. ആ അതിജീവനം ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും വലിയതോതില്‍ പ്രശംസിക്കപ്പെട്ടതുമാണ്'' - മുഖ്യമന്ത്രി പറഞ്ഞു.

പിണറായി സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് കാരണം ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം സര്‍ക്കാരിന്‍റെ നിലവാര തകര്‍ച്ചയാണെന്ന് കൂറിലോസ് അഭിപ്രായപ്പെട്ടിരുന്നു. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണെന്നും ധാര്‍ഷ്ട്യവും ധൂര്‍ത്തും ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികള്‍ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.