ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരം..; ജനങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുന്നത് ഇടതുപക്ഷ സർക്കാർ: മുഖ്യമന്ത്രി പിണറായി വിജയൻ
പാലക്കാട്: രാജ്യത്ത് ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കി പ്രവർത്തിക്കുന്നത് ഇടതു പക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം ഭരിക്കുന്നവർ സാധാരണക്കാരന്‍റെ നോവ് അറിയുന്നില്ല. അതുകൊണ്ടാണ് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുന്നിട്ടു നിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം പാലക്കാട് ഏരിയാ കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് തുടങ്ങിവെച്ച ജനദ്രോഹ നയങ്ങളുടെ തുടർച്ചയാണ് ബിജെപി സർക്കാർ പിൻതുടരുന്നത്. ഇത്തരം നയങ്ങൾ തകർക്കുന്നത് സാധാരണക്കാരന്‍റെ ജീവിതമാണ്. മാത്രമല്ല സംസ്ഥാനത്ത് ബിജെപിക്കും കോൺഗ്രസിനും ഒരേ സ്വരമാണെന്നും അദ്ദേഹം വിമർശിച്ചു.
അതിസമ്പന്നരെ ലക്ഷ്യം വച്ചുള്ള ഉന്നമനമാണ് നടക്കുന്നത്. ഇത് ജനത്തെ വർഗീയ വിദ്വേഷ വലയത്തിലാക്കുന്നു. അടിസ്ഥാന പ്രശ്നങ്ങളെ മറയ്ക്കുന്നതിനുള്ള സംഘ പരിവാർ സൂത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താനുള്ള പ്രദേശിക നീക്ക്പോക്ക് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.