

മുഖ്യമന്ത്രി പിണറായി വിജയനെ യുഎഇയിൽ സ്വീകരിച്ചപ്പോൾ.
അബുദാബി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള സ്വീകരണം നൽകി. യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യമന്ത്രിയെ അബുദാബിയിൽ സ്വീകരിച്ചു.
കൊട്ടാരത്തിലെത്തിയ മുഖ്യമന്ത്രിയുമായി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി ഡോ ജയതിലക്, യുഎഇയിലെ ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോൾഫ് ക്ലബിൽ നടക്കുന്ന മലയാളോത്സവത്തിൽ മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും. അബുദാബിയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചുപോകും.
സൗദി കൂടി സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ദുബായിൽ ഡിസംബർ ഒന്നിനാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. അന്ന് വൈകിട്ട് ദുബായിലെ ഓർമ കേരളോത്സവ വേദിയിൽ പൗരാവലിയെ അഭിസംബോധന ചെയ്യും.
അദ്ദേഹത്തിന് വൻ സ്വീകരണം ഒരുക്കാൻ ദുബായ് പ്രവാസി പൗരസമൂഹം തീരുമാനിച്ചിട്ടുണ്ട്. സ്വാഗതസംഘം രൂപീകരണം കഴിഞ്ഞ ദിവസം പി.പി.സുനീർ എംപി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ 175 എക്സിക്യൂട്ടീവിനെ തിരഞ്ഞെടുത്തു.