എസ്എഫ്ഐ വിദ‍്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമം; എഐസിസി അധ‍്യക്ഷന് പിണറായി വിജ‍യന്‍റെ കത്ത്

യുഡിഎഫ് സർക്കാർ സംഘപരിവാറിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാണ് പിണറായി വിജയൻ ആരോപിക്കുന്നത്
Pinarayi Vijayan writes to Kharge over police action against SFI students

പിണറായി വിജയൻ, മല്ലികാർജുൻ ഖാർഗെ

Updated on

തിരുവനന്തപുരം: കേരള സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിനിടെ എസ്എഫ്ഐ വിദ‍്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എഐസിസി അധ‍്യക്ഷൻ മല്ലികാർജുൻ‌ ഖാർഗെയ്ക്ക് കത്തെഴുതി. യുഡിഎഫ് സർക്കാർ സംഘപരിവാറിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാണ് പിണറായി വിജയൻ ആരോപിക്കുന്നത്.

ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർവകലാശാലയ്ക്ക് പുറത്ത് സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു വിദ‍്യാർഥികളെന്നും എന്നാൽ യാതൊരു പ്രകോപനമില്ലാതെ പൊലീസ് ലാത്തിച്ചാർജ് നടത്തിയെന്നും പുരുഷ പൊലീസ് ഉദ‍്യോഗസ്ഥർ പെൺകുട്ടികളായ വിദ‍്യാർഥികളെ ആക്രമിച്ചെന്നും അദ്ദേഹം കത്തിൽ പറഞ്ഞു. ഒരു വനിതാ പൊലീസുകാരനും സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്നും ഇത് ഗുരുതരമായ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ‍്യത്തിന്‍റെ ബഹുസ്വര സ്വഭാവവും ഭരണഘടനാ മൂല‍്യങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടി വന്ദേമാതരത്തിന്‍റെ ആദ‍്യ രണ്ട് വരികൾ മാത്രം ആലപിച്ചാൽ മതിയെന്ന സമവായം ദേശീയ പ്രസ്ഥാനത്തിന്‍റെ കാലം മുതൽക്കെ നിലവിലുണ്ടെന്നും 80 വർഷമായി തുടർന്നുവന്ന ഈ സമവായം അവസാനിപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ദേശീയ തലത്തിൽ വിദ‍്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിക്കുകയും കേന്ദ്ര സർക്കാരിനെയും ഡൽഹി പൊലീസിന്‍റെയും അടിച്ചമർത്തലുകളെ എതിർക്കുകയും ചെയ്യുന്ന കോൺഗ്രസ് കേരളത്തിലെ വിദ‍്യാർഥികളോട് ഫാസിസ്റ്റ് സമീപനമാണ് സ്വീകരിക്കുന്നതെന്നും എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതിൽ സോണിയ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചെന്നും അദ്ദേഹം വ‍്യക്തമാക്കി. എന്നാൽ കേരളത്തിലെ സർക്കാർ സംഘപരിവാറിനെ തൃപ്ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

logo
Metro Vaartha
www.metrovaartha.com