മുഖ്യമന്ത്രി വിദേശത്തു പോയത് സ്വന്തം ചെലവിൽ: വി. ശിവൻകുട്ടി

അതിനുള്ള ആസ്തി മുഖ്യമന്ത്രിക്കുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും.
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും.File

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്ര സ്വന്തം ചെലവിലാണെന്നും അതിനുള്ള ആസ്തി മുഖ്യമന്ത്രിക്കുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

''ഇത് വെള്ളരിക്കാപ്പട്ടണമല്ല. സ്വകാര്യ ആവശ്യങ്ങള്‍ക്കായി മുമ്പും മന്ത്രിമാര്‍ വിദേശയാത്ര നടത്തിയിട്ടുണ്ട്. രാഷ്‌ട്രീയക്കാരും ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നവരും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്താറുണ്ട്. ഭാരത് ജോഡോ യാത്ര കഴിഞ്ഞ ശേഷം ആരോടും പറയാതെ രാഹുല്‍ ഗാന്ധി കുറച്ചു ദിവസത്തേക്ക് വിദേശത്തേക്ക് പോയി. അതേക്കുറിച്ച് മാധ്യമങ്ങള്‍ ഒരു ചര്‍ച്ചയും നടത്തിയില്ല. സിപിഎമ്മുകാര്‍ക്ക് സ്വന്തം ചെലവിൽ വിദേശയാത്ര പാടില്ലെന്ന നിലപാട് മാധ്യമങ്ങള്‍ ഉപേക്ഷിക്കണം'', മന്ത്രി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഏഴ് മന്ത്രിമാര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കു വേണ്ടി പലതവണ വിദേശയാത്ര നടത്തി. വി.എസ്. ശിവകുമാർ 4 തവണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ 11, രമേശ് ചെന്നിത്തല 6, പി.കെ. അബ്ദുറബ്ബ് 8, പി.കെ. കുഞ്ഞാലിക്കുട്ടി 19, എം.കെ. മുനീർ 24, ഷിബു ബേബിജോൺ 12 എന്നിവരാണ് വിദേശയാത്രകൾ നടത്തിയത്. ഇതൊന്നും പറയാതെ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും വിദേശയാത്ര കേരളത്തിലെ ആദ്യത്തെ സംഭവം എന്ന നിലയിലാണ് മാധ്യമങ്ങള്‍ ചര്‍ച്ച നടത്തുന്നത്.

മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്‌പോണ്‍സര്‍ ആരാണെന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യം ശരിയല്ല. മുഖ്യമന്ത്രിയുടെ യാത്ര രാജ് ഭവനെ അറിയിക്കേണ്ട കാര്യവുമില്ല. ഗവര്‍ണര്‍ എല്ലാ കാര്യങ്ങളും സര്‍ക്കാരിനെ അറിയിച്ചിട്ടാണോ ചെയ്യുന്നതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി മന്ത്രി മറുചോദ്യം ഉന്നയിച്ചു.

ആധുനിക സാങ്കേതികവിദ്യകള്‍ ലഭ്യമായതിനാൽ മുഖ്യമന്ത്രി വിദേശയാത്ര പോകുമ്പോള്‍ ചുമതല കൈമാറേണ്ട കാര്യമില്ല. മന്ത്രിസഭാ യോഗം നീട്ടിവച്ചത് അജൻഡകള്‍ കുറവുള്ളതു കൊണ്ടാണ്. ചില ആഴ്ചകളില്‍ അജൻഡകള്‍ കൂടുതലായിരിക്കും, ചില ആഴ്ചകളില്‍ കുറവായിരിക്കും. ഒരു മന്ത്രിസഭാ യോഗത്തിന് ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം ഗൗരവമുള്ള അജൻഡകള്‍ ഈ ആഴ്ചയുണ്ടായിരുന്നില്ലെന്നും മന്ത്രി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com