

തൊടുപുഴ: കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി പ്രവേശനം തള്ളി പി.ജെ. ജോസഫ്. കോൺഗ്രസ് നേതാക്കളുടെ ക്ഷണം ഗൗരവകരമായി തോന്നുന്നില്ലെന്നും യുഡിഎഫിന് അവർ വേണമെന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കേരള കോൺഗ്രസ് എം ഇല്ലാതെയാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പ് വിജയിച്ചത്. ഇനിയും മുന്നേറ്റം തുടരാൻ അവരുടെ ആവശ്യമില്ല. നിലവിൽ കേരള കോൺഗ്രസ് എമ്മിന്‍റെ പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയാണ്. ഇടതു മുന്നണിക്ക് പ്രതികരിക്കാനുള്ള അവകാശം പോലും അവർക്കില്ല.സ്വർണപ്പാളിക്കൊള്ളയിലടക്കം അവർ മൂകസാക്ഷികളാണെന്നും ജോസഫ് പ്രതികരിച്ചു.
അതേസമയം, കോൺഗ്രസിനുള്ളിൽ ഐക്യത്തിന്‍റെ കുറവുണ്ടെന്നും കുറച്ചുകൂടി ശരിയാക്കാനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അവയെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിഹരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.