
പി.കെ. ശ്രീമതി
PK Sreemathi
തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്‍റുമായ പി.കെ ശ്രീമതിക്ക് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക്. മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയൻ തന്നെ നിലപാട് തുറന്നു പറഞ്ഞുവെന്ന വിവരമാണ് പുറത്ത് വന്നത്. എന്നാൽ, വാർത്തകൾ പി.കെ. ശ്രീമതി നിഷേധിച്ചെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുൾപ്പടെയുള്ള നേതാക്കൾ നടപടിയെ ന്യായീകരിക്കുന്ന തരത്തിലാണ് പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്.
ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ് പി.കെ ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നായിരുന്നു എം.വി. ഗോവിന്ദന്‍റെ പ്രതികരണം. അതേസമയം, ശ്രീമതിക്ക് വിലക്കില്ലെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നിലപാട്. സംഘടനാപരമായി തീരുമാനിക്കുന്ന എല്ലാ യോഗങ്ങളും ശ്രീമതി പങ്കെടുക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കേണ്ട സമയത്ത് പങ്കെടുക്കുമെന്നും എം.എ. ബേബി പ്രതികരിച്ചു.
കഴിഞ്ഞ 19ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിവരങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. പി.കെ. ശ്രീമതിക്ക് മാത്രമായി പ്രത്യേക ഇളവില്ലെന്ന് യോഗത്തിൽ മുഖ്യമന്ത്രി തുറന്നടിച്ചതായാണ് വിവരം. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ യോഗത്തിലുണ്ടായിരുന്ന ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മൗനം പാലിച്ചു. ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ഇതേപ്പറ്റി പറഞ്ഞിരുന്നില്ലെന്ന് ശ്രീമതി യോഗത്തിൽ പറഞ്ഞുവെന്ന വിവരങ്ങളും പുറത്ത് വന്നു.
കൊല്ലം സമ്മേളനത്തിൽ പ്രായപരിധിക്കനുസരിച്ച് സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയ പി.കെ. ശ്രീമതി, കേന്ദ്ര നേതൃത്വത്തിന്‍റെ സഹായത്തോടെ പാർട്ടി കോൺഗ്രസിൽ ഇളവ് വാങ്ങി കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നത് പിണറായിയെ ചൊടിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തെ യോഗത്തിൽ നിന്ന് പി.കെ. ശ്രീമതി വിട്ടുനിൽക്കുകയും ചെയ്തു.
എന്നാൽ, വാർത്തകൾ പുറത്തുവന്നതോടെ, അടിസ്ഥാനരഹിതമായ പ്രചാരണമാണ് തനിക്കെതിരേ നടക്കുന്നതെന്ന നിലപാടാണ് പി.കെ. ശ്രീമതി സ്വീകരിച്ചത്. സെക്രട്ടേറിയേറ്റ് യോഗത്തിൽ ഇനിയും പങ്കെടുക്കും. സെക്രട്ടറിയേറ്റ് ചേരുന്ന സമയത്ത് കേരളത്തിൽ ഉണ്ടെങ്കിൽ പങ്കെടുക്കാൻ വിരോധമില്ല. സംസ്ഥാന നേതൃയോഗങ്ങളിൽ പങ്കെടുക്കാൻ തടസമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സൃഷ്ടിച്ച വാർത്തയാണിത്. പിണറായിയുടെ വിലക്ക് തനിക്ക് ഉണ്ടെന്ന് വരുത്താൻ ശ്രമം ഉണ്ടായോ എന്ന് സംശയിക്കുന്നുവെന്നും പി.കെ. ശ്രീമതി പറഞ്ഞു.
എന്നാൽ, നടപടി പാർട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എറണാകുളത്ത് പ്രതികരിച്ചത്. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും അംഗമായിരുന്നു. 75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ് കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സെൻട്രൽ കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യമില്ലെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ പി.കെ. ശ്രീമതിക്കെതിരേയുള്ള വിലക്ക് സംസ്ഥാന സെക്രട്ടറിയുടെ അനുമതിയോടെയാണെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നത്.