
# എം.ബി. സന്തോഷ്
തിരുവനന്തപുരം: ഗ്രീൻ പ്രോട്ടോകോളിലൂടെ സംസ്ഥാനത്ത് വലിയൊരളവിൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ കുറവ് വരുത്തുമ്പോഴും ചെറിയ കുടിവെള്ള പ്ലാസ്റ്റിക് കുപ്പികൾ വൻ തിരിച്ചടിയാവുന്നു. കേന്ദ്ര സർക്കാർ ഇതിനാവശ്യമായ നിയമം കൊണ്ടുവരാത്തതാണ് ഇത്തരം പ്ലാസ്റ്റിക് ഉപയോഗം വ്യാപകമാവുമ്പോഴും സംസ്ഥാന- തദ്ദേശ സർക്കാരുകൾക്ക് ഇടപെടാനുള്ള പരിമിതി. പ്ലാസ്റ്റിക്കിനെതിരായ യുദ്ധം പരിസ്ഥിതി ദിനാചരണത്തിൽ മുദ്രാവാക്യമായി വീണ്ടും എത്തുമ്പോഴും ഇന്ത്യയിൽ ഇതു സംബന്ധിച്ച നിയമം പ്രായോഗികമായിട്ടില്ല.
ക്ഷേത്രങ്ങൾ, പള്ളികൾ, രാഷ്ട്രീയ പാർട്ടികൾ, വിവാഹ സത്കാരങ്ങൾ എന്നിവരെല്ലാം കേരളത്തിൽ ഗ്രീൻ പ്രോട്ടോകോളിലേക്കു മാറിയത് ബോധവത്കരണത്തിന്റെ ഫലമായാണ്. യുവജനോത്സവങ്ങളും വൻ സമ്മേളനങ്ങളിലും ഇത് വിജയകരമായി നടപ്പാക്കി. എന്നാൽ, അവിടങ്ങളിൽ പലേടത്തും കുടിവെള്ളത്തിന് ചെറിയ പ്ലാസ്റ്റിക് കുപ്പികൾ വന്നതോടെ ഗ്രീൻ പ്രോട്ടോകോളിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന അവസ്ഥയിലെത്തി നിൽക്കുകയാണ്.
കേന്ദ്ര സർക്കാർ പ്ലാസ്റ്റിക് മാനെജ്മെന്റ് റൂൾസ് കൊണ്ടുവന്നെങ്കിലും അത് പാക്കിങ് നിയന്ത്രണത്തിലൊതുങ്ങി. എക്സ്റ്റന്റഡ് പ്രൊഡ്യൂസർ റെസ്പോൺസബിലിറ്റി (ഇപിആർ) പ്രകാരം പ്ലാസ്റ്റിക് ഉപയോഗിച്ച് സാധനങ്ങൾ പായ്ക്ക് ചെയ്യുന്നവരുടെ ഉത്തരവാദിത്വത്തിൽ ആ കവർ തിരിച്ചെടുക്കണമെന്ന ആവശ്യം പോലും നടപ്പാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. അതിനു കാരണം പെട്രൊ കെമിക്കൽ കമ്പനികൾ ഉൾപ്പെടെയുള്ളവയുടെ സമ്മർദമാണെന്നാണ് ആക്ഷേപം. ഓസ്ട്രേലിയയിൽ നിന്ന് കൽക്കരി ഗുജറാത്തിൽ കൊണ്ടുവന്ന് പിവിസി നിർമിക്കാനുള്ള പ്ലാന്റ് ഗുജറാത്തിൽ അദാനിയുടെ ഉടമസ്ഥതിയിൽ നിർമാണം ആരംഭിച്ചു കഴിഞ്ഞത് ഇതിന്റെ തുടർച്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നേരത്തെ, കടലാസ് പാക്കറ്റുകളിൽ ബിസ്കറ്റും തേയിലയും ഉൾപ്പെടെ സാധനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന് കേരളത്തിൽ ദീർഘകാലം സുരക്ഷിതമായി സൂക്ഷിച്ച് വിതരണം ചെയ്തിരുന്നു. അതിലേക്കു മടങ്ങിപ്പോകാമെന്നിരിക്കെ അതിനു പകരം ഇപ്പോൾ ചെറിയ പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷ്യവസ്തുക്കളുൾപ്പെടെ വ്യാപകമായി വിതരണം ചെയ്യുന്നത്. കേരളത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ പകുതിയോളം ഇത്തരം പ്ലാസ്റ്റിക് ആണ്.
ഇവിടെ ഇപ്പോഴും പ്ലാസ്റ്റിക് സഞ്ചികൾക്കു വേണ്ടിയുള്ള മുറവിളി ശക്തമായി തുടരുന്നുണ്ട്. എന്നാൽ, തമിഴ്നാട്ടിൽ മഞ്ഞ തുണി സഞ്ചി വലിയ തോതിൽ പ്രചരിപ്പിക്കുന്നതിന് നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
സിക്കിമിന്റെ മാതൃക
സിക്കിമിൽ 2 ലിറ്ററിൽ താഴെ കുടിവെളളം പ്ലാസ്റ്റിക് കുപ്പികളിൽ വിതരണം ചെയ്യുന്നത് തടഞ്ഞതായി "ഗയ' അലയൻസ് ഫോർ ഇൻസിനറേറ്റർ ഓൾട്ടർനേറ്റീവ് ഏഷ്യ പെസഫിക് കാമ്പയ്നർ കെ.എൻ. ഷിബു പറഞ്ഞു. നേരത്തെ, ഒരു ലിറ്ററിന് താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം അവിടെ നിരോധിച്ചു. അപ്പോൾ, കുടിവെള്ള കമ്പനികൾ 1.1 ലിറ്ററിന്റെ വെള്ളം പ്ലാസ്റ്റിക് കുപ്പികളിൽ പുറത്തിറക്കി. അതോടെ സർക്കാർ ഒരു ലിറ്റർ എന്നത് 2 ലിറ്ററാക്കി. ഇപ്പോൾ, സിക്കിമിൽ 2.1 ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികളിലേ കുടിവെള്ളം കിട്ടൂ- ഷിബു ചൂണ്ടിക്കാട്ടി.