വി​ദ്യാ​ല​യ​ങ്ങ​ൾ ഏറ്റു പാടും, ഭദ്രയുടെ പ്രവേശനോത്സവ​ ഗാനം

''പത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി​യ ഭദ്ര ഹ്യുമാനിറ്റീസ് തെരഞ്ഞെടുക്കുന്ന​ത് ചരിത്രത്തോടുള്ള ഇഷ്ടം കൊണ്ടാണ്''
Plus One student composes school opening song

വി​ദ്യാ​ല​യ​ങ്ങ​ൾ ഏറ്റു പാടും, ഭദ്രയുടെ പ്രവേശനോത്സവ​ ഗാനം

Updated on

ശരത് ഉമയനല്ലൂർ

"മഴമേഘങ്ങള്‍ പന്തലൊരുക്കിയ

പുതുവര്‍ഷത്തിന്‍ പൂന്തോപ്പില്‍

കളിമേളങ്ങള്‍ വര്‍ണം വിതറി​​

​​ഒ​രവധിക്കാലം മായുന്നു...'

തി​ങ്ക​ളാ​ഴ്ച തുറക്കുന്ന സ്കൂൾ മുറ്റങ്ങൾ ഏറ്റുപാടുന്നത് ഭദ്ര ​​ഹരിയുടെ ഈ പാട്ടാണ്. അടൂര്‍ വടക്കടത്തുകാവ് "കാംബോജി'യിലെ ഭദ്ര ഹരി എന്ന പ്ലസ് വൺകാരിയാണ് പ്രവേശനോത്സവ ​​ഗാനം രചിച്ച് സൗവർണ​​ ദീപ്തമായ സർഗാത്മകത​​ കൊണ്ട് കൗമാര കേരളത്തെ അടയാളപ്പെടുത്തുന്നത്.

ചരിത്രത്തിലാദ്യമായാണ് ഒ​രു വിദ്യാർ​ഥി​നിയുടെ കവിത പ്രവേശനോത്സവ ഗാനമാകുന്നത്. കൊട്ടാരക്കര താമരക്കുടി എസ്‌വിവിഎച്ച്എസ്എസിലെ ഭദ്ര പ്ലസ് വണ്‍ പ്രവേശനത്തിന് കാത്തിരിക്കുകയാണ്.

പ്രവേശനോത്സവ ഗാനം ക്ഷണിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ അറിയിപ്പ് ശ്രദ്ധയില്‍പ്പെട്ട​പ്പോ​ൾ കവിത എഴുതാന്‍ തീരുമാനിച്ചു. രണ്ടു ദിവസം കൊണ്ട് ഉള്ളിൽ ഉരുത്തിരിഞ്ഞ കവിത പേപ്പറിലേക്ക് വരികളായി ഒഴുകി. അച്ഛനേയും അമ്മയേയും ചൊല്ലിക്കേള്‍പ്പിച്ചു. അപ്പോഴും ഭദ്ര കരുതിയില്ല, ഇങ്ങനെയൊരു സസ്പെൻസ് ഉണ്ടാകുമെന്ന്. മേയ് പകുതിയോടെ ആ ​കവിത തെര‌ഞ്ഞെടുത്തു എന്ന അറിയിപ്പ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചതോടെ ശരിക്കും അമ്പരന്നു​​. തന്‍റെ ഗാനം തെരഞ്ഞെടുത്ത വിവരം അറഞ്ഞപ്പോള്‍ അധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ സന്തോഷമായെന്നു ഭദ്ര പറഞ്ഞു.​​

എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ ഭദ്രയ്ക്ക് ഹ്യുമാനിറ്റീസ് സ്ട്രീം തെരഞ്ഞെടുക്കാനാണ് ആഗ്രഹം. എട്ട്, ഒമ്പത് ക്ലാസുകളില്‍ സംസ്ഥാന കലോത്സവത്തില്‍ മലയാളം കവിതാ രചനയ്ക്ക് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഇക്കൊല്ലം ലളിതഗാന മത്സരങ്ങളില്‍ സബ് ജില്ലയില്‍ സമ്മാനങ്ങളും ലഭിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി അജി പന്തളത്തിനു കീഴില്‍ സംഗീതവും അഭ്യസിക്കുന്നു.

പത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി​യ ഭദ്ര ഹ്യുമാനിറ്റീസ് തെരഞ്ഞെടുക്കുന്ന​ത് ചരിത്രത്തോടുള്ള ഇഷ്ടം കൊണ്ടാണെന്നും പറയുന്നു. "എന്നാല്‍ മലയാളത്തിനോട് ഒരിത്തിരി ഇഷ്ടം കൂടുതലാണ്. എല്ലാ പുസ്തകങ്ങളും വായിക്കാന്‍ സമയം കണ്ടെത്താറുണ്ട്. മലയാളം കോളെജ് അധ്യാപിക ആകണമെന്നാണ് ആഗ്രഹം'- ഭദ്രയുടെ വാക്കുകൾക്ക് ആത്മവിശ്വാസത്തിന്‍റെ അകമ്പടി. അനുജത്തി ധ്വനി എസ്. ​​ഹരിയും ഭദ്രയ്ക്കൊപ്പം വീട്ടിൽ പാട്ടു ​​പാടാനും കവിത​​ ചൊല്ലാനും കൂടാറുണ്ട്.

ഭദ്രയുടെ ഉള്ളിലെ സർഗാത്മകതയുടെ ഉറവകൾ അ‌‌ഞ്ചാം ക്ലാസി​ലേ തിരിച്ചറിഞ്ഞ ഡെപ്യൂട്ടി തഹസില്‍ദാറായ അച്ഛന്‍ ആർ.​​ ഹരീന്ദ്രനാഥും ഹൈസ്ക്കൂള്‍ അധ്യാപികയായ അമ്മ എസ്.​​ സുമയും അകമഴിഞ്ഞ പിന്തുണ നൽകി. ഇതുവരെ എഴുതിയ 15 കവിതകള്‍ ചേര്‍ത്തുവച്ച് "ധനുമാസ പൗര്‍ണമി' എന്ന പേരില്‍ പുസ്തകം കഴി‌ഞ്ഞ വര്‍ഷ​ത്തെ സ്കൂൾ പ്രവേശനോത്സവത്തി​ൽ പ്രകാശനം ചെ​യ്തു.

ഇന്നലെ പൊ​തു​വി​ദ്യാ​ഭ്യാ​സ മന്ത്രി വി.​​ ​ശിവന്‍കുട്ടി തിരുവനന്തപുരത്തേ​ക്കു നേരിട്ട് വിളിച്ചു. ആലപ്പുഴ കലവൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിൽ തി​ങ്ക​ളാ​ഴ്ച നടക്കുന്ന പ്രവേശനോത്സവത്തിലേക്ക് ക്ഷണിച്ച് ക​ത്ത് കൈമാറി. കവിത ചൊല്ലിയ​പ്പോ​ൾ അഭിനന്ദിച്ചു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ് എന്നിവരും ഗാനാലാപനത്തിന്‍റെ ഭാഗമായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com