

ന്യൂഡൽഹി: പ്ലസ് ടു കോഴക്കേസിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ.എം. ഷാജിക്ക് നോട്ടീസ് നൽകി സുപ്രീം കോടതി. ആറാഴ്ച്ചക്കുള്ളിൽ നോട്ടീസിനുമേൽ മറുപടി നൽകണമെന്നാണ് സുപ്രീംകോടതി നിർദേശം. കെ. എം. ഷാജി ഉള്‍പ്പടെയുള്ള കേസിലെ എതിര്‍ കക്ഷികള്‍ക്കാണ് ജസ്റ്റിസ്മാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.
പ്ലസ് ടു അനുവദിക്കുന്നതിനായി കോഴ വാങ്ങിയെന്ന കേസിൽ ഷാജിക്കെതിരായ തുടർ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. ഷാജി കോഴ ചോദിച്ചതിന് നേരിട്ടുള്ള തെളിവുകൾ ഇല്ലാത്തതിനാലാണ് ഹൈക്കോടതി തുടർ നടപടികൾ റദ്ദാക്കിയതെന്ന് കോടതി പറഞ്ഞു.എന്നാൽ ഷാജിക്കെതിരെ സ്വന്തം പാർട്ടിയിലുള്ളവരുടെ പരാതിയാണ് കിട്ടിയതെന്നും പരോക്ഷമായ തെളിവുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
2014 ൽ അഴീക്കോട് സ്കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 2020 ൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും എഫ്ഐആർ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ഷാജിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 47 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. എന്നാൽ ഈ തുക തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നായിരുന്നു ഷാജിയുടെ വാദം.