
അശ്വതി, ഫാത്തിമ ഷഹദ
മലപ്പുറം: താനൂരിൽ നിന്നും നാടുവിട്ടുപോയ പ്ലസ് ടു വിദ‍്യാർഥിനികളെ നാട്ടിൽ തിരിച്ചെത്തിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് വിദ‍്യാർഥിനികളെ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിടും. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്താനായത്.
വിദ‍്യാർഥിനികൾക്ക് കൗൺസിലിങ്ങും രക്ഷിതാക്കൾക്ക് ബോധവൽക്കരണവും പൊലീസ് നൽകും. കുട്ടികളുടെ മാതാപിതാക്കൾ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് അന്വേഷണം വിജയരകരമായി പൂർത്തികരിക്കാൻ സാധിച്ചതെന്ന് മലപ്പുറം എസ്പി പറഞ്ഞിരുന്നു. അതേസമയം പെൺകുട്ടികൾക്കൊപ്പം യാത്ര ചെയ്ത എടവണ്ണ സ്വദേശി റഹിം അസ്‌ലത്തിനെ താനൂർ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇയാളെ ചോദ‍്യം ചെയ്തു വരികയാണ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പരീക്ഷ എഴുതാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയ താനൂർ സ്വദേശികളായ അശ്വതിയേയും ഫാത്തിമയേയും കാണാതായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മുംബൈയിലെ ലോണാവാല സ്റ്റേഷനിൽ നിന്നുമാണ് കണ്ടെത്തിയത്. മുംബൈ ചെന്നൈ എഗ്മേർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് റെയിൽവേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്.