കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ പത്താം ദിവസവും തുടരും. ഇന്നും സണ്‍റൈസ് വാലി കേന്ദ്രീകരിച്ചാകും പരിശോധന നടക്കുക. തെരച്ചിലിനായി കഡാവർ നായകളുണ്ടാകും. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും 6 സോണുകളായി തിരിഞ്ഞ് പതിവ് തെരച്ചിൽ ഉണ്ടാകും.
ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾ ഇന്ന് തുടരും. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്നലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഹെലികോപ്റ്ററില്‍ വയനാട്ടിലെത്തി ബെയ് ലി പാലത്തിലൂടെ ചൂരൽമലയിലേക്കെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുമെന്നാണ് വിവരം. എന്നാൽ കാലാവസ്ഥസ്ഥിതി അനുസരിച്ച് ഇതിൽ മാറ്റമുണ്ടായേക്കും.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിൽ വലിയ പ്രതീക്ഷയിലാണ് കേരളം. സംസ്ഥാനത്തെ തന്നെ ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അങ്ങനെയെങ്കില്‍ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയടക്കം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.
ദുരന്തത്തില്‍ ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇന്ന് വയനാട്ടിലെത്തും.