

file image
തിരുവനന്തപുരം: നഗരം ബിജെപി പിടിച്ചാൽ 45 ദിവസത്തിനകം വരുമെന്നു വാഗ്ദാനം ചെയ്തതു പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. റോഡ് ഷോയോടെ എത്തുന്ന അദ്ദേഹം രാവിലെ 10.45ന് പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം, ഉദ്ഘാടനം എന്നിവ നിർവഹിക്കും. 3 അമൃത് ഭാരത് എക്സ്പ്രസ്, ഒരു പാസഞ്ചർ ഉൾപ്പെടെ 4 പുതിയ ട്രെയ്‌ൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യും.
നാഗർകോവിൽ- മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം- ചെന്നൈ താംബരം അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം- ഹൈരാബാദ് ചാർലപള്ളി അമൃത് ഭാരത് എക്സ്പ്രസ്, തൃശൂർ- ഗുരുവായൂർ പാസഞ്ചർ എന്നിവയാണ് കേരളത്തിനു കിട്ടിയത്. പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ് പദ്ധതിക്കും തുടക്കം കുറിക്കും.
തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്കിൽ നാഷണൽ സ്ഥാപിക്കുന്ന ഇന്നോവേഷൻ ടെക്നോളജി ആൻഡ് ഓൺട്രപ്രനേർഷിപ്പ് ഹബ്ബ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യാധുനിക റേഡിയോ സർജറി സെന്‍റർ എന്നിവയുടെ ശിലാസ്ഥാപനം നിർവഹിക്കും. പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫിസും ഉദ്ഘാടനം ചെയ്യും.
ഈ ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിക്കുന്ന ബിജെപിയുടെ പൊതുയോഗത്തിൽ പ്രധാനമന്ത്രി സംസാരിക്കും. ഒരു മണിക്കൂർ നീളുന്ന പരിപാടിക്ക് ശേഷം 12.40ന് ചെന്നൈയിലേക്ക് തിരിക്കും.