മേപ്പാടി: എല്ലാം തകർന്നു ജീവിതം മാത്രം ബാക്കിയായവർക്കെല്ലാം പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ ആത്മവിശ്വാസം നൽകി. പലരും അദ്ദേഹത്തിന് മുന്നിൽ വാക്കുകളില്ലാതെ വിതുമ്പി. അവരെ ചേർത്തുപിടിച്ച് അദ്ദേഹം സമാശ്വസിപ്പിച്ചു. ഉരുൾപൊട്ടലിൽ കുടുംബത്തിലെ എല്ലാവരും നഷ്ടപ്പെട്ട് നാടിന്‍റെ ദു:ഖപുത്രിയായി മാറിയ അവന്തികയെ താലോലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉരുൾപൊട്ടലിൽ അനാഥമാക്കിയ അവന്തികയെക്കുറിച്ച് നേരത്തെ തന്നെ പ്രധാനമന്ത്രി അറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ അവന്തികയെ ആശ്വസിപ്പിക്കുക എന്നതായിരുന്നു വയനാട് വിംസ് ആശുപത്രിയിൽ എത്തുമ്പോൾ നരേന്ദ്രമോദി ആദ്യപരിഗണന. ആശുപത്രിക്കിടക്കയിൽ അവന്തികയെ തലോടിയും വിവരങ്ങൾ ചോദിച്ചറിഞ്ഞും പ്രധാനമന്ത്രി അവൾക്ക് ആശ്വാസത്തണലായി.
ഡോക്ടർമാരുടെ സംഘത്തോട് പ്രധാനമന്ത്രി ദുരന്തബാധിതരുടെ ആരോഗ്യ നില സംബന്ധിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. മാനസികാഘാതത്തിൽ നിന്ന് മുക്തരായിട്ടില്ലാത്തവർക്ക് മനശാസ്ത്രജ്ഞരുടെ സേവനം ലഭ്യമാണോയെന്നു പ്രധാനമന്ത്രി ആരാഞ്ഞു.‘‘ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ എത്രപേർ, ചികിത്സ എങ്ങനെയാണ്, എന്തൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ എന്നെല്ലാം പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. എല്ലാവർക്കും കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്നു നിർദേശിച്ചാണ് അദ്ദേഹം ആശുപത്രി വിട്ടത്.
അതേസമയം, രാജ്യത്തെ നടുക്കിയ ദുരന്തത്തിന്‍റെ ആഘാതം നേരിട്ടു കാണാനും ഇരകളെ ക്ഷമയോടെ കേൾക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായപ്പോൾ സന്ദർശനത്തിന്‍റെ സമയക്രമങ്ങളെല്ലാം തെറ്റി. പ്രധാനമന്ത്രി മൂന്നു മണിക്കൂർ വയനാട്ടിലുണ്ടാകുമെന്നാണ് വെളളിയാഴ്ച അറിയിച്ചിരുന്നത്. എന്നാൽ, നിശ്ചയിച്ചതിലും രണ്ടു മണിക്കൂറിലേറെ വൈകിയാണു മോദി മടങ്ങിയത്.
നിശ്ചയിച്ചതിലും അരമണിക്കൂർ മുൻപുതന്നെ പ്രധാനമന്ത്രി ദുരന്തഭൂമിയിലെത്തിയിരുന്നു. വ്യോമസേനാ ഹെലികോപ്റ്ററിൽ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലളിൽ ആകാശ നിരീക്ഷണം നടത്തിയ ശേഷം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി 15 മിനിറ്റ് ഇവിടെ ചെലവഴിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, ചൂരൽമല ടൗൺ സന്ദർശിച്ച് ബെയ്‌ലി പാലവും കടന്നു പ്രധാനമന്ത്രി നടന്നപ്പോൾ സന്ദർശനം ഒരു മണിക്കൂറോളം നീണ്ടു.
പിന്നീട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിലും ആശുപത്രിയിലും ദുരന്തബാധിതരെ കണ്ടപ്പോഴും പ്രധാനമന്ത്രി തിരക്കുകൂട്ടിയില്ല. ഡോക്റ്റർമാരോട് ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. ദുരന്തബാധിതർ നടുക്കത്തിൽ നിന്നു മോചിതരായിട്ടില്ലെന്ന് ഡോക്റ്റർമാർ അറിയിച്ചപ്പോൾ കൗൺസലിങ് നൽകുന്നതുൾപ്പെടെ നടപടികളെക്കുറിച്ച് അദ്ദേഹം ചോദിച്ചു. ആശുപത്രിയിലെ സൗകര്യങ്ങളും വിലയിരുത്തി. പൊട്ടിക്കരഞ്ഞ ദുരന്തബാധിതരെ തോളിൽ തട്ടിയും ചേർത്തുപിടിച്ചും പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. കുട്ടികളെ ശിരസിൽ തലോടിയും ആശ്ലേഷിച്ചും ആശ്വസിപ്പിച്ചു. ഇനിയെങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്ന് ആശങ്കപ്പെട്ടവർക്ക് രാജ്യം ഒപ്പമുണ്ടെന്ന ഉറപ്പുനൽകി. പിന്നീട് കൽപ്പറ്റയിലെ കലക്റ്ററേറ്റിലെത്തി 10 മിനിറ്റ് നീണ്ട വിശദമായ അവലോകന യോഗത്തിലും പങ്കെടുത്തു.