'ഈ ദുഃഖം നന്നായി മനസിലാകും'; മോർബി ദുരന്തം ഓർമിച്ച് പ്രധാനമന്ത്രി

വയനാട്ടിലുണ്ടായത് അസാധാരണ ദുരന്തമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
PM recalls 1979 Morbi disaster
'ഈ ദുഃഖം നന്നായി മനസിലാകും'; മോർബി ദുരന്തം ഓർമിച്ച് പ്രധാനമന്ത്രി
Updated on

കൽപ്പറ്റ: വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ചശേഷം ചേർന്ന അവലോകന യോഗത്തിൽ ഗുജറാത്തിലെ മോർബി ഡാം ദുരന്തം ഓർമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താനും ഒരു ദുരന്തത്തെ നേരിടുകയും അടുത്തുനിന്ന് അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്നു പറഞ്ഞാണ് മോദി ഇക്കാര്യം വിശദീകരിച്ചത്.

45- 47 വര്‍ഷം മുമ്പ് ഗുജറാത്തിലെ മോര്‍ബിയില്‍ ഒരു അണക്കെട്ട് ഉണ്ടായിരുന്നു. കനത്തമഴയില്‍ ഡാം പൂര്‍ണമായും നശിച്ചു. മോര്‍ബി നഗരം വെള്ളത്തിൽ മുങ്ങി. നഗരമാകെ 10- 12 അടി ഉയരത്തില്‍ വെള്ളം. 2,500ഓളം പേർ മരിച്ചു. അന്നവിടെ ആറു മാസത്തോളം സന്നദ്ധപ്രവര്‍ത്തകനായി ഞാൻ പ്രവർത്തിച്ചിരുന്നു. അതുകൊണ്ട് എനിക്ക് ഈ സാഹചര്യങ്ങള്‍ നന്നായി മനസിലാകും- മോദി പറഞ്ഞു.

1979 ഓഗസ്റ്റ് 11നായിരുന്നു മോർബി ദുരന്തം. ലക്ഷ്മൺ റാവു ഇനാംദാർ, കേശവറാവു ദേശ്മുഖ്, പ്രവീൺ ഭായി മണിയാർ, കേശുഭായ് പട്ടേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്ന് ദുരിതാശ്വാസ പ്രവർത്തനത്തിന് ആദ്യമെത്തിയ സംഘടനകളിലൊന്നായിരുന്നു ആർഎസ്എസ്. അന്ന് 29കാരനായ താൻ ദീർഘകാലം അവിടെ പ്രവർത്തിച്ചതിനെക്കുറിച്ച് മോദി മുൻപും പറഞ്ഞിട്ടുണ്ട്.

അതേസമയം, വയനാട്ടിലുണ്ടായത് അസാധാരണ ദുരന്തമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും സാധ്യമായ എല്ലാ സഹായവും നൽകും. പുനരധിവാസത്തിനു പണം തടസമാകില്ലെന്നും ഇക്കാര്യത്തിൽ കേരള സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. കലക്റ്ററേറ്റിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി കുടുംബങ്ങളുടെ സ്വപ്‌നങ്ങളാണു ദുരന്തം തകർത്തത്. എല്ലാം നഷ്ടമായവർക്കൊപ്പമാണു രാജ്യം. വിവരങ്ങൾ തുടക്കം മുതൽ ഞാൻ അറിയുന്നുണ്ടായിരുന്നു. ദുരന്തമുണ്ടായ അന്നു രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. എൻഡിആർഎഫും സൈന്യവും ഉൾപ്പെടെ രക്ഷാപ്രവർത്തകരെ അപ്പോൾത്തന്നെ ഇവിടേക്കു നിയോഗിച്ചു. കേന്ദ്ര സർക്കാർ എല്ലാ ഏജൻസികളെയും ഏറ്റവും വേഗം വയനാട്ടിലേക്കെത്തിച്ചു. പ്രകൃതി അതിന്‍റെ രൗദ്രഭാവമാണു പ്രകടിപ്പിച്ചത്. പണമില്ലാത്തതിന്‍റെ പേരില്‍ ഒരു പ്രവര്‍ത്തനവും നിലച്ചുപോകില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും. വിശദമായ നിവേദനം സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.