

കേന്ദ്രം കേരളത്തോടൊപ്പമെന്ന് പ്രധാനമന്ത്രി
തിരുവനന്തപുരം: കേരളത്തിന്‍റെ വികസനത്തിനായി കേന്ദ്രസർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് ഇന്ന് പുതിയ ദിശാബോധം കൈവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനായുള്ള ആദ്യ ചുവട് ഇന്ന് വെയ്ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത കേരളത്തിൽ കൂടി മാത്രമേ വികസിത ഭാരതം പൂർത്തിയാക്കാനാകൂ. കേരളത്തിലെ ജനങ്ങൾക്കൊപ്പം കേന്ദ്രസർക്കാർ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാല് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ മുഴുവൻ പാവപ്പെട്ടവരുടെയും ഉന്നമത്തിന് നടപ്പാക്കുന്ന ഒരു മഹത്തായ സംരംഭത്തിന് തിരുവനന്തപുരത്ത് തുടക്കമിട്ടുണ്ട്.
ഉന്തുവണ്ടിക്കാർക്കും, വഴിയോര കച്ചവടക്കാർക്കും പ്രയോജനം ലഭിക്കുന്ന ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ശേഷം മോദി പറഞ്ഞു. നമസ്കാരം എന്ന സംസാരിച്ച് തുടങ്ങിയ പ്രധാനമന്ത്രി മലയാളത്തിൽ എന്‍റെ സുഹൃത്തുക്കളെ എന്നും അഭിസംബോധന ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് സംസാരിച്ചു. അമൃത് ഭാരത് ട്രെയിൻ ലഭിച്ചത് കേരളത്തെ സംബന്ധിച്ച് പ്രാധാന്യമുള്ള കാര്യമാണെന്ന് പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനസർക്കാരിന് സംതൃപ്തി നൽകുന്ന നിമിഷമാണിത്. കാരണം ഈ പദ്ധതികളിൽ പലതിനും കേന്ദ്രത്തിന്‍റെ പച്ചക്കൊടി കിട്ടാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ പദ്ധതികൾക്ക് അനുമതി നൽകിയ പ്രധാനമന്ത്രിക്ക് ആത്മാർഥമായ നന്ദി അറിയിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.
വിവിധ മേഖലകളുമായി ബന്ധപ്പെട്ട കേരളത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റപ്പെടുമെന്നും, അവയെല്ലാം സമയബന്ധിതമായി നടപ്പാക്കാൻ പ്രധാനമന്ത്രി ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി, ഗവർണർ എന്നിവർ ചേർന്ന് സ്വീകരിച്ചു.