

ഭർതൃവീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ചു
ആലപ്പുഴ: ഭർതൃവീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച് മുങ്ങിയ കേസിൽ യുവതി പിടിയിൽ. ചേർത്തല എസ്എൽ പൂരം കോർത്തുശേരി ആതിര(26) ആണ് പിടിയിലായത്. കോട്ടയത്ത് നിന്നാണ് യുവതിയെ പൂച്ചാക്കൽ പൊലീസ് പിടികൂടിയത്. ഭർതൃവീട്ടിൽ നിന്ന് 35 പവൻ സ്വർണവും 30,000 രൂപയുമാണ് തട്ടിയെടുത്തത്.
2024 നവംബറിലാണ് ആതിരയുടെ ഭർതൃമാതാവ് ചിട്ടി പിടിച്ച 50,000യിൽ നിന്ന് 30,000 രൂപയും മാലയും വളയും കൊലുസുമെല്ലാം അടങ്ങുന്ന 35 പവൻ സ്വർണവും , ഡയമണ്ട് സ്റ്റഡും വീട്ടിൽ നിന്ന് മോഷണം പോയതായി അറിയുന്നത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ആതിര സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന് പിന്നാലെ ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി മോഷ്ടിച്ചത് താനാണെന്ന് ആതിര കുറ്റസമ്മതം നടത്തി. മോഷണത്തിന് ശേഷം പല സ്ഥലങ്ങളിലായി മാറി മാറി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വ്യാഴാഴ്ചയാണ് പൊലീസ് പിടികൂടിയത്.