ഉണ്ണി മുകുന്ദൻ മുൻ മാനെജറെ മർദിച്ചിട്ടില്ലന്ന് പൊലീസിന്‍റെ കുറ്റപത്രം

കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന് ആരോപിച്ചുകൊണ്ട് വിപിൻ പൊലീസിനെ സമീപിച്ചത്.
Police chargesheet says actor Unni Mukundan did not beat up former manager Vipin Kumar

ഉണ്ണി മുകുന്ദൻ

Updated on

കൊച്ചി: മുൻ മാനെജർ വിപിൻ കുമാറിനെ നടൻ ഉണ്ണി മുകുന്ദൻ മർദിച്ചിട്ടില്ലന്ന് പൊലീസിന്‍റെ കുറ്റപത്രം. മർദനം നടന്നതിനു തെളിവില്ലെന്നാണ് കണ്ടെത്തൽ. ഇൻഫോപാർക്ക് പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിൽ നിന്നാണ് ഉണ്ണി മുകുന്ദൻ മർദിച്ചിട്ടില്ലെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. താൻ വിപിൻ കുമാറിനെ മർദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ കണ്ണട നിലത്തെറിയുക മാത്രമാണ് ചെയ്തതെന്നും പരാതി വന്ന സമയത്തു തന്നെ ഉണ്ണി വ്യക്തമാക്കിയിരുന്നു.

കാക്കനാട്ടെ ഫ്ലാറ്റിൽ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉണ്ണി മുകുന്ദൻ വന്നു എന്നും, തുടർന്ന്, ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നുമായിരുന്നു വിപിൻ കുമാറിന്‍റെ പരാതി.

താടിയിലാണ് ആദ്യം മർദിച്ചത്. കൈകൾ ചേർത്തുപിടിച്ച് മർദിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടി. പക്ഷേ, ഉണ്ണി മുകുന്ദൻ പുറകെ ഓടിയെത്തി മർദിക്കാൻ ശ്രമിച്ചു. അതുവഴിവന്ന ഫ്ലാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കൺമുന്നിൽ വന്നാൽ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിപിൻ പരാതിയിൽ പറഞ്ഞിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നേരത്തെ ഉണ്ണി മുകുന്ദനെതിരേ കേസെടുത്തത്. ഇതിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മർദനം നടന്നില്ലെന്നും എന്നാൽ പരസ്പരം പിടിവലി നടന്നിരുന്നുവെന്നും വ്യക്തമാവുന്നത്.

ഉണ്ണി മുകുന്ദൻ വിപിന്‍റെ കണ്ണട എറിഞ്ഞ് പൊട്ടിക്കുകയും ഫോൺ താഴെയിടുകയും ചെയ്ത സാഹചര്യമുണ്ടായെന്നും പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ഉണ്ണിയുടെ ഫ്ലാറ്റിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com