

മുരളി കുന്നുംപുറത്ത്, അഭിലാഷ് പിള്ള
നിർമാതാവ് മുരളി കുന്നുംപുറത്തിനെതിരേ സുമതി വളവ് എന്ന ചിത്രത്തിന്‍റെ സംവിധായകൻ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും തിരുവനന്തപുരം സൈബർ പൊലീസിൽ പരാതി നൽകി.
തങ്ങൾ സൈബർ ആക്രമണം നേരിടുന്നുവെന്നും ഇതിന് കാരണമായത് മുരളി ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നുമാണ് പരാതിയിൽ പറയുന്നത്. മുരളിക്കെതിരേ മാനനഷ്ട കേസും ഫയൽ ചെയ്തിട്ടുണ്ട്. നിർമാതാക്കളുടെ സംഘടനയായ പ്രൊഡ‍്യൂസേഴ്സ് അസോസിയേഷൻ വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്. കാര‍്യങ്ങൾ വിശദീകരിക്കാൻ ഇരു വിഭാഗത്തോടും സംഘടന ആവശ‍്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു മുരളി കുന്നുംപുറത്ത് മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നാലു പേർക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. അഭിലാഷ് പിള്ള, വിഷ്ണു ശശിശങ്കർ, വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളോറ എന്നിവർ തന്നെ പറഞ്ഞു പറ്റിച്ചെന്നും ജീവിതം നശിപ്പിച്ചെന്നുമാണ് ആരോപണം. വെള്ളം എന്ന സിനിമയിൽ, അവസാനം നിർമാതാവേകണ്ടി വന്നതാണ്.
നദികളിൽ സുന്ദരി യമുന എന്ന രണ്ടാമത്തെ ചിത്രത്തിൽ രണ്ടു കോടി രൂപ നഷ്ടം വന്നു. മൂന്നാമത്തെ ചിത്രമായ സുമതി വളവ് വിജയമാണെന്ന് കരുതുന്നവരുണ്ട്. പക്ഷേ, തനിക്ക് ഏഴു കോടി രൂപ നഷ്ടം വന്നു. നേരത്തെ ടൈൽ എക്സ്പോർട്ട് ബിസിനസിൽ മലയാളികൾ പറ്റിച്ച് വലിയ നഷ്ടം വന്നിരുന്നു. ഇതിനിടെയാണ് സിനിമയെടുത്തത്. ഇപ്പോൾ ഒട്ടു പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. ഭാര്യയുടെയും മക്കളുടെയും കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല. പക്ഷേ, കടക്കാർ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും മുരളി പറഞ്ഞിരുന്നു.