

മണ്ണിടിച്ചിലിൽ തകർന്ന ബിജുവിന്‍റെയും സന്ധ്യയുടെയും വീട്.
അടിമാലി: അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിൽ 45 കാരനായ ബിജു മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കേസെടുത്തുവെങ്കിലും ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. വിശദമായ അന്വേഷണം നടന്ന ശേഷമായിരിക്കും എൻഎച്ച്എഐയെ കേസിൽ പ്രതി ചേർക്കണമോയെന്നത് അടക്കമുള്ള കാര‍്യത്തിൽ തീരുമാനമെടുക്കുക. ദേശീയപാത നിർമാണത്തിനായി അശാസ്ത്രീയമായി മണ്ണെടുത്തതു മൂലമാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതെന്ന് ആരോപണമുണ്ട്.
കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മണ്ണിടിച്ചിലിലായിരുന്നു ബിജു മരിച്ചത്. മണ്ണിടിച്ചിലിനെത്തുടർന്ന് ഭാര‍്യ സന്ധ‍്യയ്ക്ക് പരുക്കേറ്റിരുന്നു.
മണ്ണിടിച്ചിലിൽപ്പെട്ട് മരിച്ച ബിജു.
കൂമ്പാൻ പാറയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ ബിജുവിനെയും സന്ധ്യയെയും അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അത‍്യാഹിത വിഭാഗത്തിൽ തുടരുകയാണ് സന്ധ‍്യ.