
കണ്ണൂർ: സ്വർണക്കടത്തു കേസ് പ്രതിയായ സ്വപ്ന സുരേഷ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസിൽ വിജേഷ് പിള്ളയെ പൊലീസ് ചോദ്യം ചെയ്തു. കണ്ണൂർ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷിന്‍റെ പരാതിയിലാണ് വിജേഷിനെ ചോദ്യം ചെയ്തത്. സ്വപ്ന സുരേഷിനെ അടുത്ത ദിവസം ബെംഗളൂരുവിൽ വച്ച് ചോദ്യം ചെയ്യും
വ്യക്തമായ ഗൂഡാലോചനയോടെയാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ ആരോപണം ഉയർത്തിയതെന്നാണ് പരാതി. ഇതേത്തുടർന്ന് തളിപ്പറമ്പ് പൊലീസാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഗൂഡാലോചന, വ്യാജരേഖ ചമക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.