

കൊച്ചി മെട്രൊയുടെ രഹസ്യരേഖകൾ ചോർന്ന സംഭവം; കേസെടുത്ത് പൊലീസ്
കൊച്ചി: കൊച്ചി മെട്രൊ റെയ്ൽ ലിമിറ്റഡിന്‍റെ (കെഎംആർഎൽ) രഹസ്യ ഔദ്യോഗിക രേഖകൾ മോഷ്ടിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. കെഎംആർഎല്ലിന്‍റെ പരാതിയെ തുടർന്ന് കൊച്ചി മെട്രൊ പൊലീസാണ് അജ്ഞാതർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കലൂർ ജെഎൽഎൻ മെട്രൊ സ്റ്റേഷന്‍റെ നാലാം നിലയിലുള്ള കെഎംആർഎൽ കോർപറേറ്റ് ഓഫീസിൽ നിന്നാണ് രേഖകൾ ചോർത്തിയത്. ഔദ്യോഗിക ഇ-മെയിൽ ഐഡി ഹാക്ക് ചെയ്താണ് വിവരങ്ങൾ മോഷ്ടിച്ചത്. അതീവ രഹസ്യസ്വഭാവമുള്ള രേഖകൾ, ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ, കമ്പനിയുടെ സാമ്പത്തിക വിവരങ്ങൾ എന്നിവ ചോർത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. ചോർത്തിയ രേഖകൾ “യൂണിഫൈഡ് കൊച്ചി മെട്രൊ റെയ്ൽ റീഫോം ആൻഡ് ഡെവലപ്മെന്‍റ് ഫോറം” എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചതായും ഇത് കമ്പനിയുടെ സുരക്ഷയെയും ജീവനക്കാരുടെ സ്വകാര്യതയെയും ബാധിച്ചതായും എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
കെഎംആർഎല്ലിന്‍റെ ചില രഹസ്യരേഖകൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നതായി കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കെഎംആർഎൽ അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കെഎംആർഎല്ലിനുള്ളിൽ നിന്നുള്ളവർക്കും സംഭവത്തിൽ പങ്കുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ സംശയം.
ഭാരതീയ ന്യായ സംഹിതയിലെയും ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.