പോട്ട ബാങ്ക് മോഷ്ടാവ് മലയാളി! പ്രൊഫഷണലല്ലെന്നും നിഗമനം; പ്രതിക്കായി ഇരുട്ടിൽ തപ്പി പൊലീസ്

ഇതുവരെ പുറത്തു വരുന്ന വിവരങ്ങളെല്ലാം പൊലീസിന്‍റെ നിഗമനങ്ങൾ മാത്രമാണ്
police says chalakudy bank robbery suspect is malayalee
പോട്ട ബാങ്ക് മോഷ്ടാവ് മലയാളി! പ്രൊഫഷണലല്ലെന്നും നിഗമനം; പ്രതിക്കായി ഇരുട്ടിൽ തപ്പി പൊലീസ്
Updated on

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയത് മലയാളിയെന്ന നിഗമനത്തിൽ പൊലീസ്. തദ്ദേശിയരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം. ക്രിമിനൽ പശ്ചാത്തലമില്ലാത്ത ആളാണ് പ്രതി, പ്രൊഫഷണൽ മോഷ്ടാവല്ല എന്നിങ്ങനെയുള്ള സൂചനകളിലൂടെയാണ് പൊലീസ് മുന്നോട്ടു പോവുന്നത്.

മോഷണം നടന്ന സ്ഥലത്തിനടുത്ത് താമസിക്കുന്ന ആളാവാം പ്രതിയെന്ന സൂചനയും മുന്നോട്ടു വയ്ക്കുന്നുണ്ട്. എന്നാൽ ആദ്യ ഘട്ടത്തിൽ പ്രതി ഇതര സംസ്ഥാന തൊഴിലാളിയാണെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം.

‌ഒരാൾക്ക് മാത്രമായി ഇത്തരമൊരു കുറ്റകൃത്യം ചെയ്യാനാവില്ലെന്നാണ് പൊലീസ് നിഗമനം. മാത്രമല്ല, 47 ലക്ഷം രൂപ ഉണ്ടായിരുന്ന കൗണ്ടറിൽ നിന്നും 5 ലക്ഷത്തിന്‍റെ 3 കെട്ടുകൾ മാത്രമാണ് ഇയാൾ എടുത്തത്. അതിനാൽ തന്നെ പ്രത്യേക ലക്ഷ്യത്തോടെയാണ് പ്രതി കുറ്റം ചെയ്തിരിക്കുന്നത്. ഇത് പ്രതിയിലേക്കെത്താൻ എളുപ്പത്തിൽ സഹായിക്കുമെന്നും പൊലീസ് വിശ്വസിക്കുന്നു.

ഹെൽമെറ്റ് ധരിച്ചതിനാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ആളെ തിരിച്ചറിയാനായില്ല, കയ്യുറകൾ ധരിച്ചതിനാൽ വിരലടയാളങ്ങളും ലഭ്യമല്ല. ഇയാൽ സഞ്ചരിച്ചിരുന്ന വാഹനത്തിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. തുടങ്ങി പ്രതിയിലേക്കെത്താനുള്ള വ്യക്തമായ തെളിവുകളൊന്നും തന്നെ പൊലീസിന് ലഭ്യമല്ല.

ഇതുവരെ പുറത്തു വരുന്ന വിവരങ്ങളെല്ലാം പൊലീസിന്‍റെ നിഗമനങ്ങൾ മാത്രമാണ്. മോഷണം നടന്ന് 2 ദിവസമായിട്ടും പ്രതിയിലേക്കെത്താൻ പൊലീസിനായിട്ടില്ല. പ്രതി ഇരുചക്രവാഹനത്തിൽ‌ പോവുന്നതിന്‍റെ ദൃശ്യങ്ങളടക്കം ലഭിച്ചിട്ടും ഫലമുണ്ടായില്ല. പ്രതി അങ്കമാലി ഭാഗത്തേക്കാണ് പോയതെന്ന അറിവുമാത്രമാണ് പൊലീസിനുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com