നേമത്തെ ഹോട്ടൽ ജീവനക്കാരന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്; 71കാരി അറസ്റ്റിൽ

ദേവസ്വം ബോർഡ് ജീവനക്കാരിയായിരുന്ന അമ്പലപ്പുഴ സ്വദേശിനി ശാന്തമകുമാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
Police call Nemom hotel employee's death a murder; 71-year-old woman arrested
ശാന്തമകുമാരി
Updated on

തിരുവനന്തപുരം: നേമത്ത് ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ദേവസ്വം ബോർഡ് ജീവനക്കാരിയായിരുന്ന അമ്പലപ്പുഴ സ്വദേശിനി ശാന്തമകുമാരിയെ (71) പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശി അനന്തകൃഷ്ണ പ്രസാദിനെയാണ് (60) നേമം കുളക്കുടിയൂർക്കോണത്ത് മൂന്ന് മാസം മുമ്പ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് അന്ന് പൊലീസ് കേസെടുത്തിരുന്നു. ഭർത്താവിന്‍റെ മരണത്തിന് ശേഷം അനന്ത കൃഷ്ണ പ്രസാദിന് ഒപ്പം കഴിഞ്ഞ 10 വർഷമായി താമസിച്ചുവരുകയായിരുന്നു ശാന്തകുമാരി. സ്ഥിരമായി മദ‍്യം കഴിക്കുമായിരുന്ന ഇരുവരും സംഭവ ദിവസം മദ‍്യം കഴിക്കുകയും തർക്കമുണ്ടാവുകയും ചെയ്തു.

ഇതിനിടെ അനന്തകൃഷ്ണ പ്രസാദ് ശാന്തകുമാരിയെ മർദിക്കുകയും ചെയ്തു. പ്രതിരോധിക്കാനായി ശാന്തകുമാരി വിറകുകഷ്ണം ഉപയോഗിച്ച് അനന്തകൃഷ്ണ പ്രസാദിന്‍റെ തലയ്ക്കടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. അനന്തകൃഷ്ണ പ്രസാദ് മരിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നായിരുന്നു ശാന്തകുമാരി പൊലീസിന് നൽകിയ മൊഴി.

ബന്ധുക്കളാരും എത്താത്തതു മൂലം കോർപ്പറേഷനാണ് അനന്തകൃഷ്ണ പ്രസാദിന്‍റെ മൃതദേഹം ഏറ്റെടുത്ത് സംസ്കരിച്ചത്. തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുവരും തമ്മിൽ സ്ഥിരമായി തർക്കമുണ്ടാകാറുണ്ടെന്നും പരസ്പരം മർദിക്കാറുണ്ടെന്നും അയൽവാസികൾ മൊഴി നൽകിയതോടെയാണ് അന്വേഷണം ശാന്തകുമാരിയിലേക്ക് നീണ്ടത്.

ഒടുവിൽ ബാലരാമപുരത്ത് നിന്നുമാണ് പൊലീസ് ശാന്തകുമാരിയെ പിടികൂടിയത്. റിമാൻഡിലായ പ്രതിയെ തെളിവെടുപ്പിനായി വെള്ളിയാഴ്ച കസ്റ്റഡിയിൽ വാങ്ങും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com