തിരുവനന്തപുരം: പൊലീസിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചതിന് പിന്നാലെ, പണം നൽകി പൊലീസിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചു. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസിൽ നിന്ന് ലഭിക്കേണ്ട രേഖകൾക്ക് അടക്കം ഇനി പണം നൽകണമെന്ന് സർക്കാർ ഉത്തരവിറക്കി.
വാഹനാപകട കേസുമായി ബന്ധപ്പെട്ട് ഇൻഷ്വറൻസ് കമ്പനികൾക്ക് നൽകേണ്ട ജനറൽ ഡയറി, എഫ്ഐആർ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, മുറിവ് (വൂണ്ട്) സർട്ടിഫിക്കറ്റ് തുടങ്ങിയവയിൽ ഒരോന്നും ലഭിക്കാൻ 50 രൂപ വീതമാണ് നൽകേണ്ടത്. നേരത്തേ ഇതിന് പണം നൽകേണ്ടതില്ലായിരുന്നു. സ്വകാര്യ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതിനുള്ള ഫീസ് നിരക്കു വർധിപ്പിച്ചു. ഫിംഗർ പ്രിന്‍റ് ബ്യൂറോ, ഫൊറൻസിക് സയൻസ് ലാബ് എന്നിവയിൽ നിന്നുള്ള സേവനത്തിനും ഫീസ് കൂട്ടി. ഒക്റ്റോബർ ഒന്നു മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരിക.
പൊലീസ് സ്റ്റേഷൻ പരിധിയിൽ ജാഥ നടത്താൻ അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസ് 2, 000 രൂപയാക്കി. സബ് ഡിവിഷൻ പരിധിയിൽ 4,000 രൂപയും ജില്ലാ തലത്തിൽ 10,000 രൂപയും അപേക്ഷയ്ക്കൊപ്പം നൽകണം. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പബ്ലിക് ലൈബ്രറികൾ, ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവയ്ക്ക് പണം നൽകേണ്ടതില്ല. സ്വകാര്യ പരിപാടികൾക്കും സിനിമാ ഷൂട്ടിങ്ങുകൾക്കും പൊലീസ് നായയെ 7,280 രൂപ നൽകിയാൽ ഒരു ദിവസത്തേക്ക് വാടകയ്ക്ക് ലഭിക്കും. വയർലെസ് സെറ്റ് ഒന്നിന് 2,425 രൂപ.

സിഐ വരെയുള്ള ഉദ്യോഗസ്ഥരെ സ്വകാര്യ ആവശ്യത്തിന് നൽകും. സിഐയെ പകൽ നാലു മണിക്കൂർ വിട്ടുകിട്ടുന്നതിന് 3,340 രൂപയും രാത്രിയിലെങ്കിൽ 4,370 രൂപയും നൽകണം. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് കുറഞ്ഞ നിരക്ക് നൽകിയാൽ മതി. 610 രൂപയാണ് സിപിഒയ്ക്ക് ഫീസ്. റൈഫിൾ, കെയ്ൻ ഷീൽഡ്, മെറ്റൽ ക്യാപ് ഉൾപ്പെടെയാണ് ഈ തുക നൽകേണ്ടത്.
സ്വകാര്യ കേസുകളുമായി ബന്ധപ്പെട്ട് കോടതികൾ അയക്കുന്ന ഡിഎൻഎ സാംപിളുകളുടെ പരിശോധനയ്ക്ക് 24,255 രൂപയാക്കി വർധിപ്പിച്ചു. ഫൊറൻസിക് ലാബിലെ ഹാർഡ് ഡിസ്ക് പരിശോധന, ഫോണുകളിലെ മെമ്മറി കാർഡ് ഉൾപ്പെടെയുള്ളവയുടെ പരിശോധനാ തുകയും വർധിപ്പിച്ചു.
വിദേശത്തു പോകുന്നതിനും ജോലിയിൽ പ്രവേശിക്കുന്നതിനുമൊക്കെ ആവശ്യമായി വരുന്ന "കേസുകളിൽ ഉൾപ്പെട്ടിട്ടില്ല'' എന്ന സർട്ടിഫിക്കറ്റിന് നേരത്തേ 555 രൂപയായിരുന്നത് 610 രൂപയാക്കി. പൊലീസ് വാഹനങ്ങൾ സ്വകാര്യ ആവശ്യത്തിന് വിട്ടുകിട്ടുന്നതിനുള്ള തുകയിലും വർധനയുണ്ട്. മിനിമം ചാർജ് തുകയും വർധിപ്പിച്ചു. വാഹനം കേടായാൽ നൽകേണ്ട തുകയിലും നേരിയ വർധന വരുത്തി.
മൈക്ക് ലൈൻസൻസിനുള്ള ഫീസ് 15 രൂപ വർധിപ്പിച്ചു. ഓടുന്ന വാഹനത്തിലെ മൈക്ക് ഉപയോഗത്തിന് 610 രൂപ ഫീസടയ്ക്കണം. ഇത്തരം വാഹനങ്ങൾ സംസ്ഥാനത്താകെ ഉപയോഗിക്കുന്നതിന് നേരത്തേ 5,515 രൂപയാണ് ഈടാക്കിയിരുന്നതെങ്കിൽ ഇത് 6,070 രൂപയാക്കി. ധനകാര്യ സ്ഥാപനങ്ങളുടെ പണം കൊണ്ടുപോകുന്നതിനുള്ള എസ്കോർട്ടിന് നിലവിലെ നിരക്കിൽ 1.82 ശതമാനം വർധിപ്പിച്ചു.