

പി.ടി. കുഞ്ഞുമുഹമ്മദ്
തിരുവനന്തപുരം: സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പരാതിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. മൊഴിയിൽ പറയുന്ന സമയത്ത് സംവിധായകൻ ഹോട്ടലിലുണ്ടായിരുന്നതായും ഇതിനു തെളിവാണ് സിസിടിവി ദൃശ‍്യങ്ങളെന്നുമാണ് പൊലീസ് പറയുന്നത്.
കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ പരിഗണിക്കവെയാണ് പൊലീസിനോട് തിരുവനന്തപുരം സെഷൻസ് കോടതി റിപ്പോർട്ട് തേടിയത്. കേരള രാജ‍്യാന്തര ചലചിത്രമേളയിലേക്കുള്ള ചിത്രത്തിന്‍റെ സെലക്ഷനിടെ അപമര‍്യാദയായി പെരുമാറിയെന്നാണ് സംവിധായകനെതിരേയുള്ള പരാതി.
ചലചിത്ര പ്രവർത്തകയാണ് പരാതി നൽകിയത്. കഴിഞ്ഞ മാസം ആറിനാണ് വിഷയത്തിനാസ്പദമായ സംഭവം നടക്കുന്നത്. മുഖ‍്യമന്ത്രിക്ക് നൽകിയ പരാതി കന്‍റോൺമെന്‍റ് പൊലീസിന് കൈമാറുകയായിരുന്നു.