
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പുതുക്കിയ പ്രതിപ്പട്ടിക പൊലീസ് കോടതിയിൽ സമർപ്പിച്ചു. 2 ഡോക്ടർമാർ, 2 നഴ്സുമാർ എന്നിവരെ പ്രതി ചേർത്താണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കുന്ദമംഗലം കോടതിയിലാണ് പൊലീസ് പ്രതിപ്പട്ടിക സമർപ്പിച്ചത്.
മഞ്ചേരി മെഡിക്കൽ കോളെജിലെ അസിസ്റ്റന്‍റ് പ്രൊഫസർ ഡോ.രമേശൻ, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ.ഷഹന.എം, കോഴിക്കോട് മെഡിക്കൽ കോളെജ് ഐഎംസിഎച്ചിലെ നഴ്സുമാരായ രഹന, മഞ്ജു എന്നിവരെയാണ് പ്രതിസ്ഥാനത്തുള്ളത്. പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകും.
ഹർഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതിചേർത്തിരുന്ന മെഡിക്കൽ കോളെജ് ഐഎംസിഎച്ച് മുൻ സൂപ്രണ്ട്, യൂണിറ്റ് മേധാവികളായിരുന്ന രണ്ടു ഡോക്ടർമാർ എന്നിവർക്ക് സംഭവത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിപ്പട്ടികയിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ടും കോടതിയിൽ നൽകിയിട്ടിട്ടുണ്ട്. മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.