ഹണി റോസിന്‍റെ പരാതിയിൽ രാഹുൽ ഈശ്വരിനെതിരേ പൊലീസ് കേസെടുക്കില്ല

നടിയുടെ പരാതിയിൽ പൊലീസിനു കേസെടുക്കാൻ വകുപ്പുകളില്ലെന്നാണ് വിശദീകരണം
Rahul Easwar
രാഹുൽ ഈശ്വർ
Updated on

കൊച്ചി: ഹണി റോസിന്‍റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്. നടിയുടെ പരാതിയിൽ പൊലീസിനു കേസെടുക്കാൻ വകുപ്പുകളില്ലെന്നാണ് വിശദീകരണം. ഹണി റോസിന് കോടതി വഴി പരാതി നൽകാമെന്നും കൊച്ചി പൊലീസ് അറിയിച്ചു. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ പ്രതിയല്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

രാഹുൽ ഈശ്വറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസിൽ തുടർനടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്‍റെ പരാതി. എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയത്. തൃശൂർ സ്വദേശിയും രാഹുലിനെതിരേ പരാതി നൽകിയിട്ടുണ്ട്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുൽ ഈശ്വര്‍ രംഗത്തെത്തിയിരുന്നു.

ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി. ഇത് ചൂണ്ടിക്കാണിച്ചാണ് ഹണി റോസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്.

അതേസമയം, ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുൽ ഈശ്വറിന്‍റെ വാദം. വെള്ളിയാഴ്ച സംസ്ഥാന യുവജന കമ്മീഷൻ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരുന്നു. ദിശ എന്ന സംഘടന നൽകിയ പരാതിയെത്തുടർന്നായിരുന്നു ഇത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com