
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോഴിക്കോട് ലീഗ് വേദിയിലെ ഹമാസ് വിരുദ്ധ പരാമര്‍ശത്തിന്‍റെ പാശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നു ശശി തരൂര്‍ എംപിയെ ഒഴിവാക്കി. മഹല്ല് എംപവര്‍മെന്‍റ് മിഷന്‍ തിങ്കളാഴ്ച സംഘടിപ്പിക്കുന്ന റാലിയില്‍ നിന്നാണു തരൂരിനെ ഒഴിവാക്കിയത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 32 മഹല്ല് ജമാഅത്തുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് മഹല്ല് എംപവര്‍മെന്‍റ് മിഷന്‍. പുതിയ സാഹചര്യത്തില്‍ തരൂരിനെ ഒഴിവാക്കാന്‍ മഹല്ല് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.
തിങ്കളാഴ്ച പാളയത്ത് നടക്കുന്ന റാലിയിൽ തരൂർ ഉദ്ഘാടകനും സിപിഎം നേതാവ് എം.എ. ബേബി മുഖ്യാതിഥിയുമായിരുന്നു. 'ഒക്റ്റോബർ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലിനെ ആക്രമിച്ചു. 1400 പേര്‍ കൊല്ലപ്പെട്ടു. പക്ഷെ ഇസ്രയേല്‍ അതിന് നല്‍കിയ മറുപടി ഗാസയില്‍ ബോംബിട്ടുകൊണ്ടാണ്. അതില്‍ 6000 ല്‍ അധികം പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഇപ്പോഴും ബോംബാക്രമണം നിര്‍ത്തിയിട്ടില്ലെ'ന്നുമായിരുന്നു തരൂരിന്‍റെ വാക്കുകള്‍. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്ത തരൂരിന്‍റെ പ്രസംഗത്തില്‍ ഹമാസ് ഭീകരവാദ സംഘടനയാണെന്ന പരാമര്‍ശത്തിനെതിരേ മുസ്‌ലിം സഘടനകളുള്‍പ്പെടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
വിവാദം രൂക്ഷമായതോടെയാണ് തിരുവനന്തപുരത്തെ എംപി കൂടിയായ ശശി തരൂരിനെ സ്വന്തം ലോക്സഭാ മണ്ഡലത്തില്‍ നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. സമസ്ത പോഷക സംഘടനാ ഭാരവാഹികളും സിപിഎം നേതാക്കളും ശശി തരൂരിനെതിരേ വിമര്‍ശവുമായി രംഗത്തുവന്നു. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്‍റെ ചെലവില്‍ ഡോ. ശശി തരൂര്‍ ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയെന്നായിരുന്നു സിപിഎം യുവനേതാവ് എം സ്വരാജിന്‍റെ ആരോപണം. ഐക്യരാഷ്ട്രസഭയില്‍ ഉദ്യോഗസ്ഥനായിട്ടുണ്ടെങ്കിലും വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയെന്ന് ഇ.കെ. സമസ്ത വിദ്യാര്‍ഥി നേതാവ് സത്താര്‍ പന്തല്ലൂര്‍ പ്രതികരിച്ചു.