ചക്കുളത്തുകാവിൽ പൊങ്കാല 27ന്; കാര്‍ത്തിക സ്തംഭം ഞായറാഴ്ച ഉയരും

വൈകിട്ട് 5ന് കുട്ടനാട് എം.എല്‍ എ തോമസ്. കെ. തോമസിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും
Representative Image
Representative Image

കോട്ടയം: സ്ത്രീകളുടെ ശബരിമല എന്ന ഖ്യാതിയുള്ള ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയുടെ വരവറിയിച്ച് പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം നാളെ ഉയരും. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വമത തീര്‍ഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല 27ന് നടക്കും.

പുലര്‍ച്ചെ 4 ന് നിര്‍മ്മാല ദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും തുടര്‍ന്ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്ണന്‍ നമ്പൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പ്രോജ്വലിപ്പിച്ച് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ക്ഷേത്ര മുഖ്യ കാര്യദര്‍ശി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. കേന്ദ്ര ഇലക്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജിവ് ചന്ദ്രശേഖര്‍ പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 11മണിക്ക് 500ല്‍പരം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.

വൈകിട്ട് 5ന് കുട്ടനാട് എം.എല്‍ എ തോമസ്. കെ. തോമസിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് മുഖ്യാതിഥിയായിരിക്കും. രാധാകൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മംഗളാരതി സമര്‍പ്പിക്കുകയും വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിര്‍വഹിക്കും. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍, തിരുവല്ല നഗരസഭ അധ്യക്ഷൻ അനു ജോര്‍ജ്, മുട്ടാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബന്‍ ജോസ്, തലവടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ വാര്‍ഡ് മെമ്പറുമായ കൊച്ചുമോള്‍ ഉത്തമന്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, അഡ്വ. ഡി. വിജയകുമാര്‍, ഉത്സവകമ്മറ്റി പ്രസിഡന്റ് എം.പി രാജീവ്, സെക്രട്ടറി സ്വാമിനാഥന്‍ എന്നിവര്‍ പങ്കെടുക്കും.

വിവിധ ഇന്‍ഫര്‍മേഷന്‍ സെന്റെറുകളില്‍ 1000ൽ അധികം ക്ഷേത്ര വോളന്റിയേഴ്‌സ് നിര്‍ദേശങ്ങളുമായി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. ഭക്തരുടെ പ്രാഥമികാവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്ക് പുറമെ താത്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തും. പൊലീസ്, കെ.എസ്.ആര്‍.റ്റി.സി, ആരോഗ്യ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അഗ്നിരക്ഷാസേന, കെ.എസ്.ഇ.ബി, ജല അഥോറിറ്റി, എക്‌സൈസ്, ജല ഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം എന്നിവ ആലപ്പുഴ-പത്തനംതിട്ട ജില്ലാ കലക്റ്റര്‍മാരുടെ നേതൃത്വത്തില്‍ സജ്ജീകരിക്കും. പാര്‍ക്കിങിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. പ്ലാസ്റ്റിക് പൂര്‍ണമായി നിരോധിച്ചും ഹരിത ചട്ടങ്ങള്‍ പാലിച്ചുമാണ് പൊങ്കാലയുടെ ക്രമീകരണങ്ങള്‍ നടത്തിരിക്കുന്നതെന്ന്

ക്ഷേത്ര മുഖ്യ കാര്യദര്‍ശി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മീഡിയ കോഡിനേറ്റര്‍ അജിത്ത് കുമാര്‍ പിഷാരത്ത്, ഉത്സവകമ്മറ്റി പ്രസിഡന്റ് എം.പി രാജീവ്, സെക്രട്ടറി സ്വാമിനാഥന്‍ എന്നിവര്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com