
വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെയാണ് കടുവയെ വനത്തോടുളള ചേർന്നുളള വീടിനു സമീപത്തായി ചത്ത നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ് മോർട്ടത്തിൽ കടുവയുടെ വയറ്റിൽ നിന്ന് കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കണ്ടെത്തിയിട്ടുണ്ട്. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം. കടുവയുടെ കഴുത്തിൽ ഏറ്റുമുട്ടലിൽ സംഭവിച്ച നാല് മുറിവുകൾ ഉണ്ടായിരുന്നു.
ഉൾവനത്തിൽ വച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നിഗമനം. ഞായറാഴ്ചയുണ്ടായ ഏറ്റമുട്ടലിലാണ് കടുവയ്ക്ക് പരുക്കേറ്റത്. ഈ മുറിവുകൾ മരണകാരണമായെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു. മുറിവിനൊപ്പം കടുവയുടെ നട്ടെല്ലും തകർന്നിട്ടുണ്ട്.
ആന്തരിക അവയവങ്ങളിലെ പരിശോധനയില്‍ പല രോഗങ്ങളുമുണ്ടെന്ന് കണ്ടെത്തി. ഞായറാഴ്ച ആര്‍ആര്‍ടി സംഘത്തെ ആക്രമിച്ചശേഷം കടുവ കാടുകയറി. അവിടെവച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയെന്ന് പ്രമോദ് കൃഷ്ണന്‍ പറഞ്ഞു.
കടുവയ്ക്ക് അഞ്ച് മുതല്‍ ഏഴ് വയസുവരെ പ്രായമെന്നാണ് നിഗമനം. ഞായറാഴ്ച രാത്രി 12.30 ഓടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. രണ്ട് മണിക്കൂർ നീണ്ട തിരച്ചിലിനെടുവിലാണ് കടുവയുടെ ജഡം ലഭിച്ചത്.