മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു; മരണകാരണം 'ക്യാപ്ച്ചർ മയോപ്പതി' എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
പാലക്കാട്: മണ്ണാർക്കാട് മേക്കളപ്പറയിൽ കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിയുടെ മരണകാരണം "ക്യാപ്ച്ചർ മയോപ്പതി" എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്.
പുലി 6 മണിക്കൂറോളം കൂട്ടിലെ വലയിൽ കാൽ കുടുങ്ങി തൂങ്ങിക്കിടന്നിരുന്നു. ഇതേതുടർന്ന് ആന്തരിക അവയവങ്ങൾക്ക് രക്തസ്രാവമുണ്ടായും തുടർന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. 4 വയസുള്ള ആൺപുലിയാണ് ചത്തതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്.
കുന്തണിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്‍റെ വീട്ടിനോടു ചേര്‍ന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് എത്തിയപ്പോഴാണ് വീട്ടുടമ പുലിയെ കണ്ടത്. കോഴിക്കൂടിന്റെ വലയില്‍ കാല്‍ കുടുങ്ങിയ നിലയിലായിരുന്നു പുലി. ആദ്യം പുലിയെ മയക്കുവെടിവച്ച് പിടികൂടാനായിരുന്നു നീക്കം. ഇതിനായി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഡോ. അരുൺ സഖറിയ സ്ഥലത്ത് എത്തിയ ശേഷം മയക്കുവെടിവയ്ക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനിടെയാണ് പുലി ചാവുന്നത്.