വൈദ്യുതി നിയന്ത്രണം ആദ്യം പാലക്കാട്ടും മലപ്പുറത്തും

രാത്രി ഏഴു മണിക്കും പുലർച്ചെ ഒരു മണിക്കും ഇടയിലായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. അന്തിമ തീരുമാനം വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം.
വൈദ്യുതി നിയന്ത്രണം ആദ്യം പാലക്കാട്ടും മലപ്പുറത്തും
വൈദ്യുതി നിയന്ത്രണം ആദ്യം പാലക്കാട്ടും മലപ്പുറത്തുംRepresentative image

തിരുവനന്തപുരം: സംസ്ഥാനത്ത് മേഖലകള്‍ തിരിച്ച് വൈദ്യുതി നിയന്ത്രണം വേണമെന്ന നിര്‍ദേശവുമായി കെഎസ്ഇബി. ഉപഭോഗം കൂടിയ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഇതുപ്രകാരം പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിലാണ് നിയന്ത്രണം ആദ്യം ഏർപ്പെടുത്തുക. പാലക്കാട്, മലപ്പുറം ജില്ലകളെ ഇതു ബാധിക്കും. രാത്രി ഏഴു മണിക്കും പുലർച്ചെ ഒരു മണിക്കും ഇടയിലായിരിക്കും നിയന്ത്രണം.

തത്കാലം ലോഡ് ഷെഡിങ് വേണ്ടെന്നും പ്രതിസന്ധി മറികടക്കാനുള്ള മറ്റ് വഴികള്‍ നിര്‍ദേശിക്കണമെന്നും കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഉപഭോഗം കൂടിയ മേഖലകളില്‍ പീക്ക് സമയത്ത് നിയന്ത്രണം കൊണ്ടു വരണമെന്ന നിര്‍ദേശം കെഎസ്ഇബി മുന്നോട്ടു വച്ചത്.

ഏറ്റവും ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗം വരുന്ന ട്രാന്‍സ്‌ഫോര്‍മറുകളുടെ പട്ടികയുണ്ടാക്കാന്‍ ചീഫ് എന്‍ജിനീയര്‍മാരെ കെഎസ്ഇബി ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് പാലക്കാട് സർക്കിൾ ആദ്യ സ്ഥാനത്തു വന്നത്.

വൈദ്യുതി മന്ത്രിക്കു കൈമാറുന്ന പട്ടികയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുമായി വൈദ്യുതി മന്ത്രി ചര്‍ച്ച നടത്തിയാകും മേഖല തിരിച്ചുള്ള നിയന്ത്രണമെന്ന ആവശ്യത്തില്‍ അന്തിമ തീരുമാനമാകുക.

ഉയര്‍ന്ന ഉപഭോഗം സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നിയന്ത്രണം കൂടിയേ തീരുവെന്ന് ആവര്‍ത്തിക്കുകയാണ് കെഎസ്ഇബി. വിതരണം ചെയ്യാന്‍ വൈദ്യുതി ലഭ്യമാണെന്നും എന്നാല്‍ വിതരണം ചെയ്യുന്ന ലൈനുകളുടെ ശേഷിക്ക് അപ്പുറത്തേക്ക് ലോഡ് ഉയരുന്നതാണ് പ്രതിസന്ധിയെന്നും ബോർഡ് വിശദീകരിക്കുന്നു.

അമിത ലോഡ് ഉണ്ടാകുന്ന മേഖലകളില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ മാത്രം വിതരണം നിര്‍ത്തിവയ്ക്കുകയാണ് പരിഹാര മാര്‍ഗം. സബ്‌സ്റ്റേഷനുകളില്‍ നിന്നുള്ള ലൈനുകള്‍ ഓഫ് ചെയ്ത് ഇത് നടപ്പാക്കാം. ഇതിനായി അധികം ഉപഭോഗമുള്ള സ്ഥലങ്ങളില്‍ നിയന്ത്രണം കൊണ്ടു വരണം.

മലബാര്‍ മേഖലയിലായിരിക്കും പ്രധാനമായും മേഖല തിരിച്ചുള്ള നിയന്ത്രണം വരിക. ഇതുകൂടാതെ ആലപ്പുഴ, കൊല്ലം, ഇടുക്കി, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അമിത അമിത ലോഡ് മൂലമുള്ള പ്രതിസന്ധി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോഡിലെത്തി. വ്യാഴാഴ്ച്ച വൈദ്യുതി ഉപഭോഗം 114.18 ദശലക്ഷം യൂനിറ്റായി ഉയര്‍ന്നു. കഴിഞ്ഞ മാസം 30 ലെ 113.15 ദശലക്ഷം യൂണിറ്റ് ഉപഭോഗമാണ് മറികടന്നത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5797 മെഗാവാട്ട് എന്ന റെക്കോഡും രേഖപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com