

ആലപ്പുഴ: താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും അച്ചടക്ക നടപടിയെക്കുറിച്ച് പാർട്ടി സെക്രട്ടറി വിശദീകരിക്കുമെന്ന് സിപിഎം നേതാവ് പി.പി. ചിത്തരഞ്ജൻ. പാർട്ടി വിഭാഗീയതയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ തിങ്കളാഴ്ച്ച ചിത്തരഞ്ജനെ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിൽനിന്ന് ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്തരഞ്ജന്‍റെ പ്രതികരണം.
കഴിഞ്ഞ പാർട്ടി സമ്മേളനത്തിന്‍റെ കാലത്ത് 4 ഏരിയാ കമ്മിറ്റികളിലുണ്ടായ വിഭാഗീയതയുടെ പേരിലാണ് നടപടി. മൊത്തം മുപ്പത്തിയേഴ് നേതാക്കൻമാർക്കെതിരെയാണ് നടപടിയുണ്ടായത്. പി.പി. ചിത്തരഞ്ജന് പുറമേ എം. സത്യപാലനെയും ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയായിരുന്നു. ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ എ. ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
കൂടാതെ ആലപ്പുഴ, സൗത്ത്, നോർത്ത്, ഹരിപ്പാട് കമ്മറ്റികൾ പിരിച്ചുവിട്ടു. ആലപ്പുഴ സൗത്ത്, നോർത്ത് എരിയാ കമ്മിറ്റികൾ ഒന്നാക്കി. ഇവിടെ പുതിയ ഭരണസമിതിയെ നിയമിച്ചു. ആലപ്പുഴയുടെ പുതിയ ഏരിയാ സെക്രട്ടറി സി.വി. ചന്ദ്രബാബു ആണ്. ഹരിപ്പാട് പുതിയ എരിയാ കമ്മിറ്റി സെക്രട്ടറിയായി ബാബുജാനെയും നിയോഗിച്ചു. 23 ഏരിക്കമ്മിറ്റി അംഗങ്ങളെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. 3 ഏരിയാ സെക്രട്ടറിമാരെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.