തലശേരി: എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ കയറിചെന്നതാണെന്ന വാദം തള്ളി പി.പി. ദിവ്യ. കണ്ണൂർ കലക്ടർ ക്ഷണിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്ന് ദിവ്യ പറഞ്ഞു. മറ്റൊരു പരിപാടിയിൽ വച്ചാണ് യാത്രയയപ്പ് ചടങ്ങിനെക്കുറിച്ച് കലക്ടർ പറഞ്ഞിരുന്നു. അതിനാലാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയതെന്നും സംസാരം സദുദ്ദേശപരമായിരുന്നെന്നും ദിവ്യ വ്യക്തമാക്കി.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതിനു പിന്നാലെ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ദിവ്യ ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. മുന്‍കൂട്ടി സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഡെപ്യൂട്ടി കളക്ടര്‍ ശ്രുതി ക്ഷണിച്ചപ്രകാരമാണ് സംസാരിച്ചത്. ഉത്തരവാദിത്തപ്പെട്ട വ്യക്തികള്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് അഴിമതി വിഷയം ചൂണ്ടിക്കാണിച്ചതെന്നും ദിവ്യ പറയുന്നു.
എന്നാൽ ഇതുവഴി പോയപ്പോൾ ഇങ്ങനെയൊരു പരിപാടി നടക്കുന്നുവെന്നറിഞ്ഞ് വന്നതാണെന്നായിരുന്നു ദിവ്യയുടെ പ്രസംഗത്തിലെ വാക്കുകൾ. എന്നാൽ ഇതിനു വിപരീതമായാണ് ദിവ്യ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. അന്വേഷണത്തിൻ നിന്നും ഒളിച്ചോടില്ലെന്നും അറസ്റ്റു തടയണമെന്നും ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നു. തലശേരി പ്രിൻസിപ്പൽ കോടതിയിലാണ് ദിവ്യ ജാമ്യ ഹർജി നൽകിയത്.