ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിട്ടും പഞ്ചായത്ത് പ്രസിഡന്‍റ് പോലും കാണാനെത്തിയില്ല: ശ്രീജേഷ്

ബംഗാൾ ഗവർണർ ആനന്ദബോസ് വീട്ടിലെത്തി അഭിനന്ദിച്ചു
ശ്രീജേഷ്
ശ്രീജേഷ്

കൊച്ചി: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയിട്ട് സ്വന്തം പഞ്ചായത്ത് പ്രസിഡന്‍റ് പോലും കാണാന്‍ വന്നില്ലെന്ന് ഇന്ത്യൻ ഹോക്കി താരം പി.ആര്‍. ശ്രീജേഷ്. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് ഇന്നലെ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ചതിനു പിന്നാലെയായിരുന്നു ഗോള്‍ കീപ്പറായ ശ്രീജേഷിന്‍റെ പ്രതികരണം. ഹരിയാന സര്‍ക്കാർ മൂന്നു കോടി രൂപയാണ് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് കൊടുക്കുന്നത്. ഹോക്കി ടീമിലെ തന്‍റെ സഹതാരമായ അമിത് രോഹിദാസ് കഴിഞ്ഞ ദിവസം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന് ഒന്നരക്കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി അപ്പോള്‍ തന്നെ കൈയില്‍ കൊടുത്തു. അതൊക്കെയാണ് അവരുടെ പ്രചോദനം.

ബംഗാള്‍ ഗവര്‍ണറാണ് എന്നെ അഭിനന്ദിക്കാനായി ആദ്യമായി വീട്ടിലെത്തുന്നത്. അദ്ദേഹം വന്നതില്‍ സന്തോഷമുണ്ട്. സ്വര്‍ണം നേടി തിരിച്ചെത്തിയിട്ട് മൂന്നുനാലു ദിവസമായി. ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ബംഗാള്‍ ഗവര്‍ണറോടു ഞാൻ പറഞ്ഞതുപോലെ, ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്‍റ് പോലും കാണാന്‍ വന്നില്ല. അപ്പോള്‍ അത്രമാത്രം പ്രതീക്ഷിച്ചാല്‍ മതിയല്ലോ.

ഞങ്ങളൊക്കെ നേരിടുന്ന ഈ അവഗണന നാളത്തെ തലമുറ കണ്ടുപഠിക്കുന്ന കാര്യമാണ്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയാലും നാട്ടില്‍ വലിയ വിലയൊന്നുമില്ല എന്ന ചിന്താഗതി വരുമ്പോള്‍ കായികരംഗത്തേക്കു പോകുന്നതിനു പകരം പഠിച്ചാല്‍ മതി, ജോലി കിട്ടും എന്ന ചിന്ത അവരില്‍ വളരും. ഇതര സംസ്ഥാനങ്ങള്‍ കായികതാരങ്ങളെ നല്ല രീതിയിലാണ് പരിഗണിക്കുന്നത്- ശ്രീജേഷ് ചൂണ്ടിക്കാട്ടി.

ശ്രീജേഷിന്‍റെ ഉജ്വല സേവുകളുടെ കരുത്തിലാണ് ഇന്ത്യ ഫൈനലില്‍ ജപ്പാനെ തകര്‍ത്ത് സ്വര്‍ണം നേടിയത്. ടോക്കിയോ ഒളിംപിക്‌സിലും ഇന്ത്യന്‍ വല കാത്തത് ശ്രീജേഷായിരുന്നു. ഒളിംപിക്‌സില്‍ ഇന്ത്യ വെങ്കല മെഡലും നേടി. പശ്ചിമ ബംഗാൾ ഗവർണറുടെ പ്രത്യേക ഉപഹാരവും രാജ് ഭവന്‍റെ സമ്മാനങ്ങളും ആനന്ദബോസ് ഇന്നലെ ശ്രീജേഷിനു കൈമാറി.

ഏഷ്യൻ ഗെയിംസിൽ 1,500 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ ജിൻസൺ ജോൺസണും കോമൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത സ്വർണവും അർജുന അവാർഡും നേടിയ എൽദോസ് പോളും കഴിഞ്ഞദിവസം സംസ്ഥാന സർക്കാരിന്‍റെ അവഗണനയ്ക്കെതിരേ പരസ്യമായി പ്രതികരിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com