തീ നിയന്ത്രണവിധേയമെന്നു മന്ത്രി പി. രാജീവ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

പുക പടരുന്ന സാഹചര്യത്തിൽ പ്രായമുള്ളവർ, ശ്വാസസംബന്ധമായ രോഗമുളളവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ എന്നിവർ പ്രത്യേകമായി ശ്രദ്ധിക്കണം
തീ നിയന്ത്രണവിധേയമെന്നു മന്ത്രി പി. രാജീവ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീ നിയന്ത്രണവിധേയമെന്നു മന്ത്രി പി. രാജീവ്. വൈകീട്ടോടെ തീ പൂർണമായും അണയ്ക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമീപത്തെ പുഴയിൽ നിന്നും വെള്ളം പമ്പ് ചെയ്യാനായി മോട്ടൊറുകൾ എത്തിച്ചു പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ നേരിടാനുള്ള കോഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി.

ബ്രഹ്മപുരം തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിനു ശേഷമാണു മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. എറണാകുളം കലക്‌ട്രേറ്റിലായിരുന്നു യോഗം.

നിലവിൽ മാലിന്യ നീക്കം സ്തംഭിച്ച അവസ്ഥയിലാണ്. മാലിന്യപ്രശ്നം കൈകാര്യം ചെയ്യാനായി ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ പകരം ക്രമീകരണം ഏർപ്പെടുത്തും. ഭാവിയിൽ ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി.

അതേസമയം ബ്രഹ്മപുരത്തെ തീപിടുത്തവുമായി ബന്ധപ്പെട്ട കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ പുക പടരുന്ന സാഹചര്യത്തിൽ പ്രായമുള്ളവർ, ശ്വാസസംബന്ധമായ രോഗമുളളവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ എന്നിവർ പ്രത്യേകമായി ശ്രദ്ധിക്കണം. പുറത്തു പോകുന്നവർ മാസ്ക്ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സാഹചര്യം നേരിടുന്നതിനായി ജില്ലയിലെ ആശുപത്രികളിൽ പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇന്നലെ വൈകീട്ടോടെ ബ്രഹ്മപുരത്ത് ഓക്സിജൻ പാർലർ സ്ഥാപിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ സ്മോക്ക് അത്യാഹിത വിഭാഗം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com