ഓഫിസിൽ നെഗറ്റിവ് എനർജി, പുറന്തള്ളാൻ പ്രാർഥന; അന്വേഷണത്തിന് ഉത്തരവിട്ട് കലക്‌ടർ

സബ് കലക്‌ടർക്കാണ് അന്വേഷണ ചുമതല
ഓഫിസിൽ നെഗറ്റിവ് എനർജി, പുറന്തള്ളാൻ പ്രാർഥന; അന്വേഷണത്തിന് ഉത്തരവിട്ട് കലക്‌ടർ

തൃശൂർ: നെഗറ്റീവ് എനർജി പുറന്തള്ളാൻ തൃശൂരിൽ സർക്കാർ ഓഫിസിൽ പ്രാർഥന നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫിസിലാണു പ്രാർഥന നടത്തിയതായി പരാതി ഉയർന്നത്. സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ കലക്റ്റർ ഉത്തരവിട്ടു. സബ് കലക്റ്റർക്കാണ് അന്വേഷണച്ചുമതല. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജും വനിത ശിശുവികസന വകുപ്പ് ഡയറക്റ്റർക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൃശൂർ കലക്റ്ററേറ്റിൽ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ ഓഫിസിൽ രണ്ടു മാസം മുമ്പായിരുന്നു സംഭവം. ഓഫിസ് സമയം അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ഇത്തരമൊരു പ്രാർഥനയുടെ കാര്യം ശിശു സംരക്ഷണ ഓഫിസർ അറിയിക്കുകയായിരുന്നു. സഹപ്രവർത്തകരോട് പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. ഓഫിസിൽ ഉള്ളതിലധികവും കരാർ ജീവനക്കാരായതിനാൽ അനുസരിക്കേണ്ടിയും വന്നു. താത്പര്യമില്ലെങ്കിലും പലരും പ്രാർഥനയിൽ പങ്കെടുത്തു.

ഓഫിസിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും കാരണം നെഗറ്റിവ് എനർജിയാണെന്നായിരുന്നു ശിശു സംരക്ഷണ ഓഫിസറുടെ പക്ഷം. ഇതേത്തുടർന്നാണു പ്രാർഥന നടത്തിയത്. മിനിറ്റുകൾ മാത്രം നീണ്ടുനിന്ന പ്രാർഥനയ്ക്ക് നേതൃത്വം നൽകിയത് ഓഫിസിൽ തന്നെയുണ്ടായിരുന്ന വൈദിക വിദ്യാർഥിയാണ്.

പിന്നീട് കരാർ ജീവനക്കാർ ഒഴിഞ്ഞു പോകാൻ തുടങ്ങിയതോടെ പ്രാർഥന ഫലിച്ചു തുടങ്ങിയോ എന്ന തരത്തിൽ കളിയാക്കലുയർന്നു. ഇതേത്തുടർന്നാണു നെഗറ്റിവ് എനർജി പുറന്തള്ളാനുള്ള പ്രാർഥനയുടെ വിവരം പുറംലോകമറിഞ്ഞത്. എന്നാൽ മാനസിക സംഘർഷം മാറാൻ പ്രാർഥന നല്ലതാണെന്നു പറഞ്ഞപ്പോൾ സമ്മതിച്ചതാണെന്നു ശിശു സംരക്ഷണ ഓഫിസർ വിശദീകരിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com