പ്രീപ്രൈമറി അധ്യാപകർ ദുരിതത്തിൽ

പലർക്കും ഓണറേറിയം മാത്രമാണ് ലഭിക്കുന്നത്. പെൻഷന്‍റെ കാര്യത്തിലും തീരുമാനമായിട്ടില്ല
പ്രീപ്രൈമറി അധ്യാപകർ ദുരിതത്തിൽ

#ജിബി സദാശിവൻ

കൊച്ചി: സംസ്‌ഥാനത്തെ പ്രീപ്രൈമറി അധ്യാപകർ സങ്കടക്കടലിൽ. സമാനതകളില്ലാത്ത അവഗണനയാണ് പ്രീപ്രൈമറി അധ്യാപകർ നേരിടുന്നത്. അധ്യാപകരെന്ന പേര് മാത്രമാണ് ഇവർക്ക് സമൂഹത്തിനു മുന്നിലുള്ളത്, കിട്ടുന്ന ശമ്പളം വീട്ടുചെലവിന് പോലും തികയില്ല, എന്നാൽ ജോലിക്കു കുറവൊന്നുമില്ല.

ഇതരസംസ്‌ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമെല്ലാം പ്രീ പ്രൈമറി വിദ്യാഭ്യാസത്തിനാണ് ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത്. എന്നാൽ കേരളത്തിലാകട്ടെ, പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നില്ലെന്നു മാത്രമല്ല അധ്യാപകർ കടുത്ത അവഗണനയും നേരിടുന്നു.

സംസ്‌ഥാനത്തെ പ്രീ പ്രൈമറി അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിലായി 36 ദിവസം ഇവർ സെക്രട്ടറിയേറ്റിനു മുമ്പിൽ രാപ്പകൽ സമരം നടത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ലഭിച്ച വാഗ്ദാനങ്ങൾ വിശ്വസിച്ചാണ് സമരം അവസാനിപ്പിച്ചത് എന്നാൽ ഇതുവരെ അതിൽ ഒന്നു പോലും നടപ്പാക്കിയിട്ടില്ല. ധനവകുപ്പിന്‍റെ അംഗീകാരം ലഭിക്കാത്തതിനാലാണ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ കഴിയാത്തതെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരു ബജറ്റിലും ഇവർക്ക് പരിഗണന ലഭിച്ചിട്ടില്ല.

ആയമാർക്ക് 7,000 - 7,500 രൂപയും അധ്യാപകർക്ക് 12,000 -12,500 രൂപയുമാണ് ശമ്പളം. ഇതുകൊണ്ട് എങ്ങനെ കുടുംബച്ചെലവ് നടത്തിക്കൊണ്ടുപോകുമെന്നാണ് ഇവർ ചോദിക്കുന്നത്. പ്രീപ്രൈമറി അധ്യാപകരുടെ പ്രശ്നങ്ങൾ പഠിക്കാൻ തുക വകയിരുത്തുക മാത്രമാണ് കഴിഞ്ഞ കുറെ നാളുകളായി ചെയ്യുന്നത്. എന്നാൽ പഠനം മാത്രം നടക്കുന്നില്ല. ഇവരുടെ പ്രശ്നങ്ങൾ പരിഹാരമാകാതെ നീളുകയും ചെയ്യുന്നു.

പലർക്കും ഓണറേറിയം മാത്രമാണ് ലഭിക്കുന്നത്. പെൻഷന്‍റെ കാര്യത്തിലും തീരുമാനമായിട്ടില്ല. ജീവിക്കാൻ വേണ്ടിയുള്ള ശമ്പളത്തിനായി സമരത്തിനിറങ്ങേണ്ട ഗതികേടിലാണ് പ്രീ പ്രൈമറി അധ്യാപകർ. പണമില്ലാത്തതിന്‍റെയും അവഗണനയുടെയും നടുവിലാണ് ഇവരുടെ ജീവിതം. പ്രീ പ്രൈമറി മേഖലയിൽ സർക്കാർ മേഖലയിൽ തന്നെ മൂന്ന് വിഭാഗം അധ്യാപകരുണ്ട്. സർക്കാർ ഔദ്യോഗികമായി പ്രീ പ്രൈമറി തുടങ്ങിയ 53 സ്കൂളുകളിൽ മാത്രമേ പിഎസ്‌സി നിയമനം ലഭിച്ച അധ്യാപകരുള്ളൂ. തുടക്ക ശമ്പളം പ്രൈമറി വിഭാഗത്തിലെന്ന പോലെ 30,000 രൂപയിലേറെ ഇവർക്ക് ലഭിക്കും. ഒന്നാം ക്ലാസിലേക്കുള്ള "റിക്രൂട്മെന്‍റ് സെന്‍ററാ'യി സ്കൂളുകൾ സ്വന്തം നിലയ്ക്ക് ആരംഭിച്ച പ്രീ പ്രൈമറികളിൽ ജോലി ചെയ്യുന്നവർക്ക് 1988ൽ സർക്കാർ രൂപീകരിച്ച വ്യവസ്ഥകളാണു ബാധകം. 2012ന് മുൻപ് നിയമനം ലഭിച്ചവരാണിവർ. ഇവർക്ക് ഓണറേറിയമാണ് ലഭിക്കുന്നത്. എന്നാൽ, 1988 മുതൽ ജോലി ചെയ്യുന്നവർക്കും 2012 മുതലുള്ളവർക്കും ഒരേ ശമ്പളമാണ്. 2012 ന് ശേഷം നിയമനം നേടിയവർക്ക് സർക്കാർ ആനുകൂല്യങ്ങളൊന്നുമില്ല. പിടിഎ നിശ്ചയിക്കുന്നതാണു ശമ്പളം. എയ്ഡഡ് സ്കൂളുകളിലാകട്ടെ, മാനേജരോ പിടിഎയോ നൽകുന്നതാണു പ്രീ പ്രൈമറിയിലെ ശമ്പളം. 25 വർ‌ഷമായി ജോലി ചെയ്യുന്ന പലരുടെയും ശമ്പളം 5,000 രൂപ മാത്രം. മറ്റുള്ളവരുടേത് അതിൽ പകുതി; 1,500 രൂപ മാത്രം കിട്ടുന്നവരുമുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിൽ മാനെജർ നിശ്ചയിക്കുന്നതാണു ശമ്പളം. റിട്ടയർമെന്‍റ് പോലുമില്ലാതെ 60 വയസ് കഴിഞ്ഞും ജോലി തുടരുന്ന അധ്യാപകരും ഇവരുടെ കൂട്ടത്തിലുണ്ട്. പ്രീ പ്രൈമറി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ഖാദർ കമ്മിഷൻ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. സേവന, വേതന വ്യവസ്ഥകൾ അടിയന്തരമായി നി൪ണയിക്കണമെന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു. പക്ഷെ സർക്കാർ ഇതൊന്നും കണ്ടതായി നടിക്കുന്നില്ല. പ്രീപ്രൈമറി അധ്യാപകരുടെ യൂണിയൻ നേതാവായിരുന്ന ആളാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി എന്നതാണ് ഏറെ ശ്രദ്ധേയം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com