
കൊച്ചി: കോടനാട് ആന പരിപാലന കേന്ദ്രത്തിൽ ചരിഞ്ഞ കാട്ടുകൊമ്പന്‍റെ തലച്ചോറിന് അണുബാധ ഏറ്റിരുന്നതായി പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊമ്പന്‍റെ മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. എന്നാൽ മറ്റ് ആന്തരിക അവയവങ്ങൾക്ക് അണുബാധ ഇല്ല. ആനയുടെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്നും മസ്തകത്തിലേത് കൊമ്പ് കുത്തിയതിനെ തുടർന്നുണ്ടായ മുറിവാണെന്നുന്നുമാണ് നിഗമനം.
പരുക്കേറ്റ് ചികിത്സയിലിരുന്ന കൊമ്പൻ വെള്ളിയാഴ്ച ഉച്ചയോടെയാണ് ചരിഞ്ഞത്. മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ ബുധനാഴ്ച രാവിലെയാണ് മയക്കുവെടിവച്ച് കുങ്കി ആനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി കോടനാട് എത്തിച്ചത്. തുടർന്ന് കോടനാട് ആന പരിപാലനകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. മറ്റൊരു ആനയുമായി ഏറ്റുമുട്ടിയപ്പോള്‍ മസ്തകത്തില്‍ മുറിവ് ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം.
ആന രക്ഷപെടാന്‍ 30 ശതമാനം മാത്രമാണ് സാധ്യതയുള്ളതെന്ന് ഡോക്ടര്‍മാര്‍ നേരത്തേ അറിയിച്ചിരുന്നു. മസ്തകത്തിലെ മുറിവില്‍ പുഴുക്കളെ കണ്ടെത്തിയതോടയാണ് ആനയെ പിടികൂടി ചികിത്സിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. കൊമ്പന്‍റെ മസ്തകത്തിലെ മുറിവിന് ഒരു അടിയോളം ആഴമുണ്ടായിരുന്നു.