കൊല്ലത്ത് പ്രേമചന്ദ്രൻ - മുകേഷ് മത്സരത്തിനു സാധ്യത

സിറ്റിങ് എംപിയായ എന്‍.കെ. പ്രേമചന്ദ്രന്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് കൊല്ലത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. എൽഡിഎഫ് പരിഗണനയിൽ മുന്നിൽ മുകേഷ്
NK Premachandran, M Mukesh
NK Premachandran, M Mukesh
Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോട്ടയത്തിന് പിന്നാലെ കൊല്ലം പാർലമെന്‍റ് മണ്ഡലത്തിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥിയെയും പ്രഖ്യാപിച്ചു. ആര്‍എസ്പി സിറ്റിങ് സീറ്റായ കൊല്ലത്തേക്ക് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എന്‍.കെ. പ്രേമചന്ദ്രനെ തന്നെയാണ് അഞ്ചാം തവണയും ആർഎസ്പി പരിഗണിക്കുന്നത്. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

സിറ്റിങ് എംപിയായ എന്‍.കെ. പ്രേമചന്ദ്രന്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് കൊല്ലത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തത് സംബന്ധിച്ച് പ്രേമചന്ദ്രനെതിരെ വിവാദം ശക്തമായിരിക്കെയാണ് കൊല്ലത്തേക്ക് പാർട്ടി വീണ്ടും പരിഗണിക്കുന്നത്. വിവാദത്തിന് പിന്നിൽ എൽഡിഎഫ് ആണെന്നും ന്യൂനപക്ഷങ്ങളുടെ ഭയം മുതലാക്കി വോട്ട് നേടാനുള്ള തരംതാണപ്രചാരണങ്ങളാണ് എല്‍ഡിഎഫ് നടത്തുന്നതെന്നും പാർട്ടി സെക്രട്ടറി ഷിബു ബേബി ജോൺ പ്രതികരിച്ചു.

തദ്ദേശ സ്ഥാപനങ്ങൾ മുതൽ എല്ലാ ജനപ്രതിനിധി സഭകളിലും അംഗമായ അപൂർവ നേട്ടങ്ങൾക്കുടമയായ പ്രേമചന്ദ്രൻ 1996, 1998, 2014, 2019 വർഷങ്ങളിലാണ് നേരത്തെ കൊല്ലത്ത് നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2000ല്‍ രാജ്യസഭാംഗവുമായിരുന്നു. 2006 - 2011 കാലയളവിൽ വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയിൽ ജലവിഭവ വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. 17-ാം ലോക്സഭയിലെ മികച്ച പ്രകടനം കാഴ്ചവെച്ചതിന് സന്‍സദ് മഹാരത്ന പുരസ്‌കാരവും പ്രേമചന്ദ്രന് ലഭിച്ചിരുന്നു.

പാർലമെന്‍റിലേക്ക് മത്സരിച്ചപ്പോഴെല്ലാം വിജയം പ്രേമചന്ദ്രനൊപ്പമായിരുന്നു. 2014ല്‍ എംഎ ബേബിയും 2019ല്‍ കെ.എന്‍ ബാലഗോപാലുമായിരുന്നു എന്‍.കെ. പ്രേമചന്ദ്രന്‍റെ എതിരാളികള്‍. 2014ൽ 37,649 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു പ്രേമചന്ദ്രന്‍റെ ജയമെങ്കിൽ 2019ൽ ഇത് 1,48,869 വോട്ടാക്കി ഉയർത്തിയാണ് പ്രേമചന്ദ്രന്‍ ലോക്‌സഭയിലെത്തിയത്.

ഇക്കുറി സിറ്റിങ് എംഎല്‍എയും നടനുമായ മുകേഷ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജിനെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫിലും നിലവിലെ എംപി തോമസ് ചാഴികാടൻ തന്നെയാണ് കോട്ടയത്ത് മത്സരത്തിനിറങ്ങുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും പ്രഖ്യാപനം വൈകുകയാണ്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളും മാറാനിടയില്ലെന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com