'സീരിയലുകൾ മാനസിക വൈകല്യമുണ്ടാക്കുന്നു'; നിലപാടിലുറച്ച് പ്രേം കുമാ‍ർ‌

വിഷയത്തിൽ ആത്മയെ പരസ്യസംവാദത്തിന് ക്ഷണിക്കുന്നുവെന്നും പ്രേം കുമാർ
premkumar again on mega serials
premkumarfile image
Updated on

തിരുവനന്തപുരം: കയ്യടിക്കു വേണ്ടി ആരോപണങ്ങൾ ഉയർത്തിയെന്ന സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ തുറന്ന കത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാ‍ർ. സീരിയലുകളുമായി ബന്ധപ്പെട്ട് താൻ മുമ്പും പലയാവർത്തി പറഞ്ഞിട്ടുള്ള അഭിപ്രായമാണ് ആവർത്തിച്ചതെന്നും പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും പ്രേം കുമാ‍ർ‌ ആത്മയ്ക്ക് നൽകിയ തുറന്ന കത്തിൽ വ്യക്തമാക്കി.

ചില സീരിയലുകൾ സംസ്കാരത്തെ മുറിപ്പെടുത്തുന്നുവെന്നും മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്നും പ്രേം കുമാർ ചൂണ്ടിക്കാണിച്ചു. ജീവിതവും ബന്ധങ്ങളും ഇങ്ങനെയാണെന്ന് പുതുതലമുറ തെറ്റിദ്ധരിക്കുകയാണ്. ചില പരിപാടികൾ എൻഡോസൾഫാൻ പോലെ അപകടമാണെന്ന നിലപാട് പ്രേം കുമാർ ആവർത്തിച്ചു. ഇത് മനുഷ്യരുടെ ചിന്തയെ വികലമാക്കി മാനസിക വൈകല്യം ഉണ്ടാകുന്നുവെന്നും പ്രേം കുമാ‍ർ കൂട്ടിച്ചേ‍ർത്തു. വിഷയത്തിൽ ആത്മയെ പരസ്യസംവാദത്തിന് ക്ഷണിക്കുന്നുവെന്നും പ്രേം കുമാർ വ്യക്തമാക്കിയിട്ടുണ്ട്.

താൻ സീരിയൽ വിരുദ്ധനല്ലെന്നും ഉള്ളടക്കത്തെയാണ് വിമർശിച്ചതെന്നും ചൂണ്ടിക്കാണിച്ച പ്രേം കുമാർ തന്നെ നിശബ്ദനാക്കാൻ കഴിയില്ലെന്നും തുറന്ന കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ താൻ കൂടി അംഗമായ സംഘടനയ്ക്കായി നടത്തിയ പ്രവർത്തനങ്ങളും മുൻ നിലപാടുകളും കൂട്ടിച്ചേർത്ത് വിശദമായ കത്താണ് ആത്മയ്ക്കുള്ള മറുപടിയായി പ്രേം കുമാർ എഴുതിയിരിക്കുന്നത്. സംഘടനയുടെ ജനറൽ ബോഡിയിലടക്കം തന്‍റെ നിലപാട് ശരിയാണെന്നും അത് പരിശോധിക്കപ്പെടേണ്ടതാണെന്നും ഗണേഷ് കുമാർ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതായും പ്രേംകുമാർ പറയുന്നു.​

ചില മലയാളം സീരിയലുകൾ "എൻഡോസൾഫാൻ' പോലെ സമൂഹത്തിന് മാരകമാണെന്ന് നേരത്തെ പ്രേം കുമാ‍ർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ സീരിയൽ അഭിനേതാക്കളുടെ സംഘടനായ ആത്മ പരാമർശത്തിൽ തുറന്ന കത്തുമായി രം​ഗത്തെത്തുകയും വിവാദമാകുകയും ചെയ്തതോടെ‍യാണ് പ്രേം കുമാർ തന്നെ മറുപടിയുമായി രംഗത്തെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com