കുട്ടികളുടെ വളര്‍ച്ച സാധ്യമാകുന്നതിനുള്ള ഇടമായി പ്രീ പ്രൈമറി സ്‌കൂളുകള്‍ മാറി: മന്ത്രി വീണാ ജോര്‍ജ്

ഒരു നൂറ്റാണ്ടിലേറെ ചരിത്രം ഉള്ള മാലക്കര ഗവണ്‍മെന്‍റ് എല്‍പി സ്‌കൂള്‍ അറിവ് പകര്‍ന്നു നല്‍കിയത് നിരവധി തലമുറകള്‍ക്കാണ്
കുട്ടികളുടെ വളര്‍ച്ച സാധ്യമാകുന്നതിനുള്ള ഇടമായി പ്രീ പ്രൈമറി സ്‌കൂളുകള്‍ മാറി: മന്ത്രി വീണാ ജോര്‍ജ്
Updated on

ആറന്മുള : കുട്ടികളുടെ ശാസ്ത്ര - സംഗീത അഭിരുചികള്‍ വളര്‍ത്തുവാനും പ്രോത്സാഹിപ്പിക്കുവാനും ശാരീരികവും മാനസികവും ഭൗതികവുമായ സമഗ്ര വളര്‍ച്ച സാധ്യമാകുന്നതിനുമുള്ള ഇടമായി പ്രീ പ്രൈമറി സ്‌കൂളുകള്‍ മാറ്റപെട്ടിരിക്കുകയാണെന്ന് ആരോഗ്യ, വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള മാലക്കര ഗവ. എല്‍ പി സ്‌കൂളിലെ നവീകരിച്ച പ്രീപ്രൈമറി വിഭാഗം വര്‍ണക്കൂടാരത്തിൻ്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു നൂറ്റാണ്ടിലേറെ ചരിത്രം ഉള്ള മാലക്കര ഗവണ്‍മെന്‍റ് എല്‍പി സ്‌കൂള്‍ അറിവ് പകര്‍ന്നു നല്‍കിയത് നിരവധി തലമുറകള്‍ക്കാണ്. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പൊതുവിദ്യഭ്യാസ മേഖലയില്‍ നിരവധി മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്.

ഈവര്‍ഷത്തെ കണക്ക് ഉള്‍പ്പെടാതെ പത്തര ലക്ഷം കുട്ടികളാണ് പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്നിട്ടുള്ളത്. പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ ഉണ്ടായ വികസനപരമായ മാറ്റമാണ് ഇതിന് കാരണം. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനാല്‍ കൂടുതല്‍ കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വരും. ഡിജിറ്റല്‍ യുഗമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളില്‍ അറിവും ജിജ്ഞാസയും കൗതുകവും ഉണര്‍ത്തുന്ന വിധത്തില്‍ ക്ലാസ് മുറികളും പരിസരവും സജ്ജമാക്കി പ്രകൃതിസ്നേഹികളാക്കി അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി സ്‌കൂളില്‍ പ്രീ സ്‌കൂള്‍ വികാസ മേഖലകളില്‍ ശേഷികള്‍ ഉറപ്പാക്കാന്‍ കഴിയുന്ന ഇ - ഇടം, കുഞ്ഞരങ്ങ്, വര ഇടം, നിര്‍മാണയിടം, ഹരിതോദ്യാന ഇടം തുടങ്ങി 13 പ്രവര്‍ത്തന ഇടങ്ങളോട് കൂടിയ വര്‍ണകൂടാരമാണ് സ്റ്റാര്‍സ് പ്രീ സ്‌കൂളിന്റെ നവീകരണത്തോടെ പൂര്‍ത്തിയായിരിക്കുന്നത്.

നവോഥാനകാലത്ത് തന്നെ എല്ലാവര്‍ക്കും വിദ്യാഭ്യാസം ഒരുപോലെ സാധ്യമാക്കണമെന്ന ആശയം വന്നിരുന്നു. ആ വിദ്യാഭ്യാസ ബോധ്യങ്ങളാണ് നമ്മെ നയിക്കുന്നത്. ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഓപചാരിക വിദ്യാഭ്യാസത്തിനു സജ്ജമാക്കുന്ന അനൗപചാരിക ഇടമാണ് പ്രീ പ്രൈമറി സ്‌കൂളെന്നും മന്ത്രി പറഞ്ഞു.

1913 ല്‍ ആണ് മാലക്കര ഗവണ്മെന്‍റ് എല്‍പി സ്‌കൂള്‍ സ്ഥാപിതമായത്. ഇടയറന്‍ന്മുള സാധുകൊച്ച്കുഞ്ഞ് ഉപദേശി, മഹാകവി കെ വി സൈമണ്‍ എന്നിവരുടെ ശ്രമഫലമായാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2010-11ല്‍ ആറന്മുള ഗ്രാമപഞ്ചായത്ത് നിര്‍മിച്ച് നല്‍കിയ കെട്ടിടത്തിലാണ് നിലവില്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്. കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതിനോടൊപ്പം ഓപചാരിക വിദ്യാഭ്യാസത്തിലേക്ക് അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2012ല്‍ സ്‌കൂളില്‍ പ്രൈമറി വിഭാഗം ആരംഭിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പും എസ് എസ് കെ യും സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇതിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള പ്രവര്‍ത്തന ഇടങ്ങളോടു കൂടിയ കുട്ടികളുടെ സര്‍വോതോന്മുഖമായ വികസനം ലക്ഷ്യമാക്കിയാണ് എല്‍പി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗമായ വര്‍ണക്കൂടാരം ഒരുക്കിയിരിക്കുന്നത്.

ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ടി ടോജി ചടങ്ങില്‍ അധ്യഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. കുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദീപ നായര്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമാദേവി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില എസ് നായര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആര്‍. രാജേഷ്, ആറന്മുള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. ആര്‍. മല്ലിക, ഹെഡ്മിസ്ട്രസ് എസ്. റീജാമോള്‍, മുന്‍ പ്രഥമ അധ്യാപികമാരായ ഡെയ്‌സി മാത്യു, കെ. സുധാ ദേവി, എസ്എംസി ചെയര്‍പേഴ്സണ്‍ കെ.എസ്. സേതുലക്ഷ്മി, എസ്എസ്ജി അംഗം ശ്രീധരന്‍ പിള്ള, പ്രീ പ്രൈമറി അധ്യാപിക കെ. മഞ്ജു റാണി, അധ്യാപകര്‍, രാഷ്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.