'അമ്മയ്ക്ക് വീഴ്ച സംഭവിച്ചു; പവർ ഗ്രൂപ്പ് ഇല്ലെന്ന് പറയാന്‍ കഴിയില്ല': പൃഥ്വിരാജ്

കുറ്റം കണ്ടെത്തിയാൽ അതിൽ ശക്തമായ നടപടി ഉണ്ടാകണം; ആരോപണം തെറ്റാണെന്ന് തെളിയിച്ചാല്‍ അതിനും നടപടി എടുക്കണം
Prithviraj on hema commission report and malayalam industry allegations
'അമ്മയ്ക്ക് വീഴ്ച സംഭവിച്ചു; പവർ ഗ്രൂപ്പ് ഇല്ലെന്ന് പറയാന്‍ കഴിയില്ല': പൃഥ്വിരാജ്video screenshot
Updated on

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്ന് നടന്‍ പൃഥ്വിരാജ്. അത് സൂപ്പര്‍ താരങ്ങളെ ഉള്‍പ്പടെ എങ്ങനെ ബാധിക്കണമോ അത് അങ്ങനെ തന്നെ ബാധിക്കണം. ആരോപണം ഉണ്ടെങ്കില്‍ അന്വേഷണം ഉണ്ടാകണം. കുറ്റകൃത്യം ബോധ്യപ്പെട്ടാല്‍ മാതൃകപരമായ നടപടി വേണമെന്നും പൃഥ്വിരാജ് പറഞ്ഞു. അന്വേഷണത്തിനൊടുവില്‍ ആരോപണങ്ങള്‍ കള്ളമാണെന്ന് ബോധ്യപ്പെട്ടാല്‍ അതേ ശിക്ഷാനടപടികള്‍ ഉണ്ടാകണം.

ആരോപണ വിധേയരുടെ പേരുപുറത്തുവിടുന്നതില്‍ നിയമതടസങ്ങളില്ല. ഇരകളുടെ പേരുകളാണ് നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതി അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ള പേരുകള്‍ പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അധികാരത്തില്‍ ഇരിക്കുന്നവരാണ്.

സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് ഉള്ളതായി തനിക്ക് അനുഭവപ്പെട്ടിട്ടില്ല. തനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി അത്തരമൊരു ഗ്രൂപ്പ് ഇല്ലെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും പൃഥ്വി പറഞ്ഞു.

ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരില്‍ ഒരാള്‍ ഞാന്‍ ആണ്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുവാനും എങ്ങനെയൊരു സുരക്ഷിതമായ തൊഴിലിടം സാധ്യമാകും എന്നതിനെക്കുറിച്ച് ചിന്തിക്കാനുമാണ്. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ ഒരു ഞെട്ടലുമില്ല. കുറ്റകൃത്യം ചെയ്ത ആള്‍ക്കാരെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ തുടര്‍നടപടികള്‍ എന്താണെന്നറിയാന്‍ എനിക്കും ആകാംക്ഷയുണ്ട്.

"അമ്മ'യ്ക്ക് പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. തനിക്ക് ചെയ്യാന്‍ കഴിയുന്നത് തനിക്ക് ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കുക എന്നുള്ളതാണ്. പക്ഷേ അതോടെ ഉത്തരവാദിത്വം തീരുന്നില്ല. ആരോപണവിധേയവരായവര്‍ മാറി നിന്ന് അന്വേഷണം നേരിടുകയാണ് വേണ്ടത്. ഏത് സംഘടനയില്‍ ആയാലും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ആരെയും മാറ്റിനിര്‍ത്തരുത്. അങ്ങനെ ഒരു ഭാവിയിലേക്ക് ഉടനെ എത്തിച്ചേരട്ടെ.

സിനിമയില്‍ ആരെയും വിലക്കാന്‍ പാടില്ല. നിലപാട് പറഞ്ഞതിന്‍റെ പേരില്‍ പാര്‍വതിക്ക് മുന്‍പ് തനിക്കാണ് വിലക്ക് ഉണ്ടായത്. സിനിമയില്‍ ബഹിഷ്കരണവും വിലക്കും പാടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com