കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിൽ ഇടിച്ചു; വിദ്യാർഥി മരിച്ചു, 25 പേർക്ക് പരുക്ക്

കോഴിക്കോട്ട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്നു ബസ്
The bus involved in the accident

അപകടത്തിൽപ്പെട്ട ബസ്

Updated on

തൃശൂർ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിൽ ഇടിച്ച് ഒരാൾ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. തൃശൂരിലെ കുന്നംകുളത്തെ പറയമ്പാടത്തിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം.

വിദ്യാർഥിനിയായ റിയ ഫാത്തിമയാണ് മരിച്ചത്. പരുക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണ്. ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ കാറിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് മറ്റു അഞ്ച് വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാർ, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവയിലാണ് ബസ് ഇടിച്ചത്.

കോഴിക്കോട്ട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്നു അപകടത്തിൽപ്പെട്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ്. അപകടത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായി തകർന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിലിൽ ഇടിച്ചാണ് ബസ് നിന്നത്. ബസ് അമിതവേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ കുന്നംകുളം പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com