
തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകള്‍ ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ചയെ തുടര്‍ന്ന് അനിശ്ചികാലത്തേക്ക് പണിമുടക്കുന്ന വിഷയത്തില്‍ ബസ് ഉടമകള്‍ തമ്മില്‍ ഭിന്നത. സമരത്തിലുറച്ചു നില്ക്കുന്ന ചില സ്വകാര്യ ബസുടമകള്‍ 7 മുതല്‍ നടത്തുമെന്നു പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിന്‍വലിക്കില്ലെന്ന് അറിയിച്ചു.
ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നു മാത്രമാണ് മന്ത്രി അറിയിച്ചതെന്നും ഇതു സംബന്ധിച്ച് ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ പണിമുടക്കുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും സമരസമിതി കണ്‍വീനര്‍ ടി. ഗോപിനാഥ് വ്യക്തമാക്കി. ചര്‍ച്ചയില്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ലെന്ന് ബസ് ഉടമകള്‍ ആരോപിച്ചു.
ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാത്രമാണു മന്ത്രി അറിയിച്ചത്. ഈ സാഹചരത്തില്‍ പണിമുടക്ക് നടത്തുമെന്ന് കാണിച്ച് മന്ത്രിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിദ്യാർഥികളുടെ മിനിമം കണ്സഷന് അഞ്ചു രൂപയാക്കണം, കണ്സഷന് നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കണ്സഷന് പ്രായപരിധി നിശ്ചയിക്കണം, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് നിലനിര്‍ത്തണം എന്നിവയാണ് ബസുടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍.
അതേസമയം, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ബസ് സര്‍വീസ് നിര്‍ത്തി വച്ചുള്ള സമരത്തിനില്ലെന്നും 5 മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്. ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ മരണം വരെ താന്‍ തന്നെ നിരാഹാരം കിടക്കുമെന്നും തൃശൂര്‍ ശക്തന് നഗറില്‍ നടന്ന ഫെഡറേഷന്റെ സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് പ്രഖ്യാപിച്ചു.
ബസ് സര്‍വീസ് നിര്‍ത്തിവച്ചുള്ള സമരവുമായി ബസ് ഉടമകള്‍ക്കോ 90 ശതമാനത്തിലധികം ബസുടമകള്‍ അംഗങ്ങളായ ദി കേരള സ്റ്റേറ്റ് പ്രൈവറ്റ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനോ യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. കണ്വെന്ഷന് ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ പി. ബാലചന്ദ്രന്, സജീഷ് കുമാര്‍ ജോസഫ്, സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.