
താമരശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക
വയനാട്: താമരശേരി ചുരത്തിലെ പ്രതിസന്ധിയിൽ ഇടപ്പെട്ട് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി. താമരശേരി ചുരം പാതയിൽ തുടർച്ചയായിയുണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിനായി വേണ്ടസ നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയയ്ക്കണമെന്നും ബദൽ പാത നിർമാണത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രിയങ്ക കത്തിലൂടെ ആവശ്യപ്പെട്ടു.
ഗതാഗതം തടസപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്. ആരോഗ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ജനങ്ങൾ ആശ്രയിക്കുന്ന കോഴിക്കോട് ജില്ലയെയാണ്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡെന്ന നിലയിൽ വയനാട് ജില്ലാ ഒറ്റപ്പെട്ട് പോകുന്ന സാഹചര്യം ഗതാഗതം തടസപ്പെടുന്നതിലൂടെ ഉണ്ടാകുമെന്നും പ്രിയങ്ക കത്തിലൂടെ വ്യക്തമാക്കി.
ഓഗസ്റ്റ് 26ന് ഹൈവേയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യേണ്ടതിനാൽ ചുരത്തിലൂടെയുളള ഗതാഗതം പൂർണമായും തടസപ്പെടുത്തേണ്ടി വന്നിരുന്നു. കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്നും നിലവിൽ ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണെന്നും കത്തിൽ പറഞ്ഞു.