പ്രിയങ്കയുടെ മത്സരം രാഹുലിന്‍റെ ഭൂരിപക്ഷത്തോട്

സമ്മർദത്തിലായി എൽഡിഎഫ്, കുടുംബവാഴ്ചയെന്ന് ബിജെപി
Priyanka s competition against Rahul s leed
rahul gandhi, priyanka gandhi

എം.ബി.സന്തോഷ്

തിരുവനന്തപുരം:വയനാട്ടിൽ രാഹുൽഗാന്ധി ഒഴിയുമ്പോൾ പ്രിയങ്കഗാന്ധി വാദ്‌ര മത്സരിക്കുമെന്ന പ്രഖ്യാപനം കോൺഗ്രസിനെ ആവേശത്തിലാഴ്ത്തിയപ്പോൾ ഇന്ത്യ മുന്നണിയിലെ ഘടകകക്ഷിയായിരിക്കേ വയനാട്ടിൽ മത്സരിക്കേണ്ടിവരുന്നത് എൽഡിഎഫിനെ സമ്മർദത്തിലാക്കി. വയനാട്ടിൽ കുടുംബവാഴ്ചയെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ 2019ലെ ഭൂരിപക്ഷം 4,31,770 ആയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷം. ഈ ഭൂരിപക്ഷത്തോടാണ് പ്രിയങ്കഗാന്ധി മത്സരിക്കേണ്ടി വരുന്നത്.

തൃശൂരിൽ തോറ്റ കെ. മുരളീധരന് വയനാട് നൽകണമെന്ന അഭിപ്രായം ഉയർന്നതിനിടയിലാണ് വളരെ മുന്നേതന്നെ കോൺഗ്രസ് നേതൃത്വം അപ്രതീക്ഷിതമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. പ്രിയങ്ക മത്സരിക്കുമ്പോൾ പ്രചാരണത്തിനെത്തുമെന്ന് മുരളീധരൻ അറിയിച്ചിട്ടുണ്ട്.

ഉചിതമായ സമയം വരുമ്പോൾ താനും പ്രിയങ്കയ്ക്കൊപ്പം പാർലമെന്‍റിലുണ്ടാകുമെന്ന ഭർത്താവ് റോബർട്ട് വാദ്‌രയുടെ പ്രതികരണം കോൺഗ്രസിൽ അസ്വസ്ഥതയുണർത്തിയിട്ടുണ്ടെങ്കിലും അവർ അത് കണ്ടതായി നടിക്കുന്നില്ല. മുമ്പ്, അമേഠി മണ്ഡലത്തിൽ താൻ മത്സരിക്കണമെന്നാണ് ജനങ്ങളുടെ താത്പര്യമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

എൽഡിഎഫിൽ പ്രിയങ്കയ്ക്കെതിരേ മത്സരിക്കേണ്ടത് സിപിഐയാണ്. പാർട്ടിക്ക് മത്സരിക്കാൻ താല്പര്യമില്ലെങ്കിലും നിവൃത്തികേടുകൊണ്ട് മത്സരിക്കേണ്ട അവസ്ഥ ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നുപറഞ്ഞു. രാഹുൽ ഗാന്ധിയെ ഇതുപോലെ വേഷം കെട്ടിക്കാൻ പാടുണ്ടായിരുന്നോ എന്നു ചോദിച്ച അദ്ദേഹം, സിപിഐ വയനാട്ടിൽ മത്സരിക്കുമെന്നും പറഞ്ഞു. എൽഡിഎഫ് മത്സരരംഗത്ത് നിന്നും മാറി നിന്നാൽ ബിജെപി ഉയർന്നുവരും. അത് എൽഡിഎഫ് അനുവദിക്കില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. ആരാണ് വലിയ ശത്രുവെന്ന് കോൺഗ്രസ് തീരുമാനിക്കേണ്ട സമയം വൈകിയെന്നു രാഹുലിനോട് പരാജയപ്പെട്ട സിപിഐ സ്ഥാനാർഥി ആനി രാജ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ അളിയൻ റോബർട്ട് വാദ്‌രയ്ക്ക് പാലക്കാട് സീറ്റ് കൂടി നൽകിയാൽ കോൺഗ്രസിന്‍റെ കുടുംബാധിപത്യം പൂർണമാവുമെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ പരിഹാസം. ഇന്ത്യ സഖ്യ നേതാവായ പ്രിയങ്കാ ഗാന്ധിക്കെതിരെ ഇടതുപക്ഷം മത്സരിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്ന് ചോദിച്ച അദ്ദേഹം ജനങ്ങളെ കബളിപ്പിക്കാതെ എൽഡിഎഫ് മത്സരത്തിൽ നിന്നും മാറിനിൽക്കണമെന്നും ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.